White Crow Art Daily

ഷെഹ്റസാദിന്റെ കവിതകള്‍

കവിത/ ഷെഹ്റസാദ്

പാഠം ഒന്ന്‍ – എളിമ 

ജനവാതിലുകളില്ലാത്ത, സ്ക്കൂളിലെ ശീതീകരിച്ച ക്ലാസ്മുറികളിലൊന്നില്‍ സാരി ചുറ്റിയ യന്ത്ര മനുഷ്യന്‍ അന്നത്തെ പാഠങ്ങള്‍ ‘ഫോര്‍വേഡ്’ ചെയ്തു. ‘വെളിച്ചപ്പെട്ടി’യിലേക്ക് ഇമയനക്കാതെ നോക്കുന്ന കഴുത്തൊടിഞ്ഞ വിദ്യാര്‍ത്ഥികള്‍ ‘എളിമ’യെന്നു പേരുള്ള ഫോള്‍ഡര്‍ ‘ഡൌണ്‍ലോഡ്’ ചെയ്ത് പഠിക്കാനാരംഭിച്ചു.
ക്ലാസ്മുറിച്ചുമരില്‍ ക്രൂശിച്ചുതൂക്കിയ വെളുത്ത സ്‌ക്രീനില്‍ ആത്മഹത്യക്കൊരുങ്ങുന്ന പ്രൊജക്ടര്‍ വിജയചിഹ്നം തെളിയിച്ചു.

2
ലൈബ്രറിയിലേക്ക് പ്രവേശനം നേടിയ പുസ്തകങ്ങളെല്ലാം നിരതെറ്റാതെ, വരിയൊപ്പിച്ച് വിറയലോടെ നിന്നു.
തുറിച്ച കണ്ണുള്ള തടിച്ച ചൂരല്‍ പരിശോധനകളാരംഭിച്ചു മുളച്ച മീശകള്‍ വടിച്ചെടുത്ത പിഴച്ച വാക്കുകള്‍ പറിച്ചെടുത്ത ചരിത്ര കഥകള്‍ തിരുത്തിയെഴുതിയ പുസ്തകങ്ങളെല്ലാം അകത്തുകയറി.
ലൈബ്രറിയിലേക്ക് പ്രവേശനം നേടിയ വായനക്കാരുടെ വരവുംകാത്ത് ചില്ലലമാരകളില്‍ പുസ്തകങ്ങളെല്ലാം ഇളിച്ചുകാട്ടി നിരന്നിരുന്നു.

3
കണ്ടതപ്പടി മറ്റുള്ളവരെ ചിലച്ചുകേള്‍പ്പിച്ച ധിക്കാരിത്തത്തകളെ തൂക്കിലേറ്റിയ രാവില്‍ അമ്മക്കുരുവി കൂട്ടിലെ പെണ്മുട്ടകള്‍ക്ക് എളിമയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു.
പെണ്‍കിളിയ്ക്ക് ദര്‍ശനം നിഷേധിച്ച ചന്ദ്രന്റെ നിലാവേല്‍ക്കാതെ കണ്ണീര്‍ കുതിര്‍ന്ന ചിറകുകൊണ്ടവള്‍ മുട്ടകളെ പൊതിഞ്ഞു തന്നോടു ചേര്‍ത്തു.


കരുക്കളും കളിക്കാരും 

കളിക്കാരെത്തി
കളിപ്പലക നീര്‍ത്തി
കരുക്കള്‍ നിരത്തി
കളിക്കാനൊരുങ്ങി

ഒന്നല്ല, രണ്ടല്ല, നാലേ കരുക്കള്‍ ഓമനപ്പൈതങ്ങ,ളാരോമല്‍ക്കിങ്ങിണിക ള്‍ കുഞ്ഞിപ്പറവകള്‍, പറക്കമുറ്റാത്തവര്‍ നാലു നിറങ്ങളവര്‍, നാലു കിനാവുകള്‍
ഓടുക നില്‍ക്കാതെ, ആടാതെ, പാടാതെ നൂറായ്ത്തിരിച്ചൊരീ കളിപ്പലകമീതെ. നൂറാണു ലക്‌ഷ്യം, എത്തണം നിശ്ചയം അല്ലായ്കിലില്ല നീ നിശ്ചയം, കാതില്‍ മുരണ്ടൂ കളിക്കാര്‍
ഓട്ടം തുടങ്ങിയൊരു പച്ചക്കുരുന്നവന്‍ ഉള്ളിലായോതീ വിജയമന്ത്രം. കോണിമേലേറുക, നൂറിലായ് ചേരുക ഓടണം നില്‍ക്കാതെ, ആടാതെ, പാടാതെ
ഓടവേ കണ്ടവന്‍ വഴിയിലായി പച്ച വയലേലകള്‍,പനന്തത്തക,ളോലക്കാറ്റാടികള്‍ കണ്‍കള്‍ വിടര്‍ന്നവന്നുള്ളം തുടിച്ചു ഓടാനറച്ചു, മടിച്ചവന്‍ നിന്നു.
പിന്നാലെയോട്ടം തുടങ്ങിയ ‘നീല’യും വഴിമധ്യേ പെട്ടെന്നു നിന്നുപോയി. നീലയാമാകാശം, അലകടല്‍, ഉറവകള്‍ പറവയായവനങ്ങു പറന്നുപോയി.
കൂട്ടമായോടിയ മഞ്ഞയും ചുവപ്പുമോ ഇരുവഴിക്കങ്ങു പിരിഞ്ഞുപോയി മലമേലെ പുലരിപരക്കവേ മഞ്ഞയും കടലിലായ് സന്ധ്യയുരുകവേ ചുവപ്പും എല്ലാം മറന്നങ്ങു നിന്നുപോയി. കോണിമേലേറാത്ത, നൂറിലായ് ചേരാത്ത കൂട്ടരെ വിഴുങ്ങി ‘നേരെ’ നടത്താനായി പാഞ്ഞുവന്നൂ സര്‍പ്പങ്ങള്‍ വിഴുങ്ങിയെല്ലാറ്റിനെയും
കരുക്കളില്ലാത്ത കളിപ്പലകയോ എന്നേക്കുമായ് ഒഴിഞ്ഞുകിടന്നു കളിക്കാരോ,പുത്തന്‍ കരുക്കളെത്തേടി എഴുന്നേറ്റുപോയി.

ബാക്കിവെച്ചത്

വെള്ളമാകുന്ന ഞാന്‍ എന്റെ കൈയാല്‍ ചെയ്ത കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തിമൂലം എല്ലാം നഷ്ടപ്പെട്ടവരും കുറച്ചു നഷ്ടപ്പെട്ടവരും ഒന്നും നഷ്ടപ്പെടാത്തവരുമായ നാട്ടുകാര്‍ക്ക്,
മഴ പെയ്തു തീരുമ്പോള്‍ പഴയ ജീവിതം തിരഞ്ഞുചെല്ലുമ്പോള്‍ കാത്തിരിക്കുന്നത് പണ്ടുണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ മാത്രമായവര്‍ക്കാണീ കത്ത്. തകര്‍ന്ന സ്വപ്‌നങ്ങ തിരയുന്ന കൂട്ടത്തില്‍ എന്റെ ചില ബാക്കി വയ്പുകള്‍ കൂടി തിരയുക.
ചത്ത പാമ്പിനേയും തേളിനേയും തട്ടിമാറ്റി പൊയ്പ്പോയ നാളുകളിലെ ചിരികളും നനഞ്ഞു കുതിര്‍ന്ന ഓര്‍മ്മകളും തിരയവേ പൊട്ടിയ കളിപ്പാട്ടക്കഷണങ്ങള്‍ക്കടുത്ത്, എനിക്ക് കാക്കാനാവാതെ പോയ മീന്‍ കുഞ്ഞുങ്ങളെ തിരയുക പുഴമണമുള്ള മണ്ണില്‍ എനിക്കായവയെ അടക്കുക

ചെളികയറി നശിച്ച കച്ചവടശാലകള്‍ തിരഞ്ഞു ചെല്ലുന്നവരോട്, നനഞ്ഞുചീഞ്ഞ സാമാനങ്ങള്‍ക്കിടയില്‍ നിറം മങ്ങിയ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഊതിയൂതി വീണ്ടും നിറം പിടിപ്പിക്കവേ അട്ടിയട്ടിയായി തറയിലടിഞ്ഞ ചളിക്കൂനയില്‍ കോണ്‍ക്രീറ്റ് കാട്ടില്‍ പിറന്ന്‍, വെള്ളമില്ലാതെ തളര്‍ന്ന ചെടിയെ തിരയുക ചെളിക്കൂനയില്‍ എനിക്കാ,യതിനെ നടുക

കുതിര്‍ന്നുലര്‍ന്ന വിദ്യാലയ മുറ്റങ്ങളെ തിരഞ്ഞു ചെല്ലുന്നവരോട്

പൊന്നാനി എ.വി. ഹയർസെക്കണ്ടറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി. കവിതകളും കഥകളും എഴുതുന്നു. ...