White Crow Art Daily

സമരത്തിലല്ലാത്ത ചുംബനങ്ങൾ

തൊണ്ണൂറുകളുടെ രണ്ടാം പാതി, ദില്ലി നഗരത്തിൽ ജീവിതമുറപ്പിക്കുന്ന കാലമാണ്, ഭർത്താവും ഒരു വയസ്സു കഴിഞ്ഞ മകളുമൊന്നിച്ചുള്ള നഗരപ്രദക്ഷിണങ്ങളിൽ വനച്ഛായയുള്ളൊരു പ്രകൃതി കണ്ണിൽ‌പ്പെട്ടപ്പോൾ അവിടെയൊന്നു കയറാതെ വയ്യെന്നു തോന്നി. ബുദ്ധജയന്തി പാർക്കാണതെന്ന് നഗരത്തെ കൂടുതൽ പരിചയമുള്ള ഭർത്താവ് പരിചയപ്പെടുത്തി. മനസ്സിലൊരു വനം നട്ട് അകത്തേയ്ക്ക് കടന്നപ്പോൾ തന്നെ ശ്രദ്ധയിൽ പെട്ടത് പ്രണയമാണ്. പച്ചപ്പുള്ള മരങ്ങൾ, ചെടികൾ, നോക്കുന്നിടത്തെല്ലാം ഇണകൾ..ആകെ ഉല്ലാസഭരിതമായൊരു അന്തരീക്ഷം. പക്ഷേ ഇരുപത്തിയഞ്ചു വർഷം കേരളത്തിലെ ഗ്രാമത്തിലും ചെറിയ നഗരങ്ങളിലും ജീവിച്ച് രൂപപ്പെടുത്തിയെടുത്ത മനസ്സിന് ഉള്ളിൽ ഉറവയെടുത്ത ആനന്ദത്തെ അംഗീകരിക്കാനായില്ല. ഉള്ളിലേയ്ക്ക് കടക്കുന്തോറും വഴിയിൽ, മരച്ചുവട്ടിൽ എല്ലാം മറന്ന് ചുംബിച്ചു നിൽക്കുന്നവരുടെ എണ്ണം കൂടുന്നതറിഞ്ഞ്, വേണമെന്നു വിചാരിക്കാതെ തന്നെ മനസ്സ് അസ്വസ്ഥമായി. ‘ഇവിടെ വേണ്ട, നമുക്ക് പോയാലോ?’ എന്നു ചോദിച്ചു പോയി. സാരമില്ല ഇവിടെയല്പം ഇരിക്കാം എന്നു പറഞ്ഞ പ്രിയനെ അനുസരിച്ച് അവിടെ പുല്‍പ്പരപ്പിലിരുന്നെങ്കിലും നടന്നു തുടങ്ങുന്ന മകളുടെ ഒപ്പം കുറച്ചു ഫോട്ടോകളുമെടുത്ത് വേഗം മടങ്ങുകയാണു ചെയ്തത്. അതുവരെ സിനിമകളിൽ മാത്രം കണ്ടിരുന്ന ചുംബന/പ്രണയ രംഗങ്ങൾ നേരിൽ കണ്ടത് കേരളത്തിലെ സാമുഹ്യാന്തരീക്ഷം എനിക്കു നൽകിയ സദാചാര വിദ്യാഭ്യാസത്തിനു താങ്ങാവുന്നതായിരുന്നില്ല. എന്തുകൊണ്ടാണിവരിങ്ങനെ എന്നൊക്കെ സ്വയം ചോദിക്കുകയും ചെയ്തു.

smita2പിന്നീട് വാരാന്ത്യ നഗരദർശനങ്ങളിൽ ഇതൊരു പതിവുകാഴ്ചയായി മാറി, കുത്തബ്മീനാറിന്റെ ഇടിഞ്ഞുപൊളിഞ്ഞ കൽച്ചുമരുകളുടെ ഒളിവിലും തെളിവിലും, പുരാന ഖിലയിലെ കോട്ടകളുടെ പിന്നാമ്പുറങ്ങളിലെ പുൽ മൈതാനങ്ങളിലും, ചുവപ്പു കോട്ടയുടെ തുറസ്സായ മുറ്റങ്ങളിലും, ലോധി ഗാർ‌ഡനിലും ഇണകൾ കൈകൾ കോർത്തും ചേർത്തു പിടിച്ചും ഇടയ്ക്കിടെ ചുംബിച്ചും നടക്കുന്നത് കണ്ട് എന്റെ അസ്വസ്ഥതകൾ ഒഴിഞ്ഞുപോയി. തിക്കും തിരക്കുമുള്ള മേളകളിലും ജനം നിറയുന്ന മെട്രോ സ്റ്റേഷനുകളിലും ആണും പെണ്ണും ചുംബിക്കുന്നതു കാണുമ്പോൾ ഇതിലെന്താണിത്ര അസ്വഭാവികത എന്നു സ്വയം മറു ചോദ്യം ചോദിക്കാനാരംഭിച്ചു. അശ്ലീലമെന്നു മനസ്സു പഴി പറഞ്ഞതുമില്ല. (ഒന്നു കൈപിടിച്ചു നടക്കുവാൻ പോലുമാകാതെ പോയ കേരളത്തിലെ പ്രണയകാലമോർത്ത് അല്പം നിരാശപ്പെടുകയും ചെയ്തു.) ഏതെങ്കിലും ഒരു തിരിവിലേയ്ക്ക് പെട്ടെന്നു നടന്നു ചെല്ലുമ്പോൾ അകന്നുമാറുന്ന പ്രണയികളെ കണ്ട് അവരെ വിഷമിപ്പിച്ചല്ലോ എന്നൊരു സങ്കടവും തോന്നിയിട്ടുണ്ട് ചിലപ്പോഴെങ്കിലും.

കാഴ്ചകൾ ശീലമാകുന്നതുവഴിയാണ് അവ മനസ്സിലുറയ്ക്കുന്നത്. ആദ്യം അമ്പരപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്ന കാര്യങ്ങൾ സാധാരണമാകുന്നത് അവയുടെ ആവർത്തനങ്ങളിലൂടെ തന്നെയാണ്. ചുംബനം മാത്രമല്ല, വഴിയിലൂടെ ബസ് സ്റ്റോപ്പിലേയ്ക്കോ മെട്രോ സ്റ്റേഷനിലേയ്ക്ക് തിരക്കിട്ടു നടക്കുന്നവരോ, സൈക്കിൾ/ഓട്ടോ റിക്ഷകളിൽ സവാരി ചെയ്യുന്നവരോ ബാഗിൽ നിന്ന് എന്തെങ്കിലും പഴങ്ങളോ സാൻഡ്‌വിച്ചോ ചപ്പാത്തി/റൊട്ടി റോളുകളോ എടുത്ത് പ്രഭാത ഭക്ഷണം കഴിക്കുന്നതും ആദ്യകാഴ്ചകളിലൊക്കെ അസാധാരണമെന്നു തന്നെ തോന്നിച്ചു. അതുപോലെ വഴിവക്കിലെ ധാബകളിൽ നിന്ന് ലഘു ഭക്ഷണമോ ഉച്ച ഭക്ഷണമോ വാങ്ങി അവിടെ തന്നെ നിന്ന് പങ്കിട്ടു കഴിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമൊക്കെ അത്ഭുതം തന്നിരുന്നു. ഇതു ജീവിതമാണ്, ഒന്നും മാറ്റിവയ്ക്കാൻ സമയം ബാക്കിയില്ലെന്നറിയുന്നവരുടെ ജീവിതം എന്നു തിരിച്ചറിഞ്ഞപ്പോൾ അതിലെ സ്വാഭാവികതയോട് ആരാധന തോന്നി. നിയന്ത്രണങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കി ജീവിതത്തെ തടവിലാക്കുന്നതാണ് പ്രകൃതിവിരുദ്ധമെന്നും അനാശാസ്യമെന്നുമൊക്കെ ചിന്തിക്കുവാനും തുടങ്ങി.

മുൻപൊക്കെ സ്ത്രീകൾ ഇരുചക്രവാഹനങ്ങളുടെ പിൻ സീറ്റിൽ കാലുകൾ ഇരുവശത്തേയ്ക്കുമിട്ടിരുന്നാൽ കേരളത്തിലെ പുരുഷൻ‌മാർ അസ്വസ്ഥരാകുമായിരുന്നു, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പുരുഷൻ‌മാർ. സാഹസികത തീരെ ചേരാത്ത സ്വഭാവമായിരുന്നതിനാൽ ഏതാണ്ട് ഇരുപത്തിയഞ്ചു വർഷം മുൻപു തന്നെ ഞാൻ ഒരു വശം ചെരിഞ്ഞുള്ള ഇരുപ്പ് ഉപേക്ഷിച്ചതാണ്. പുരുഷൻ‌മാർ കൂടി നിൽക്കുന്ന കവലകളും ബസ് സ്റ്റോപ്പുകളും പിന്നിടുമ്പോൾ കൂവലുകളും കമന്റുകളുമൊക്കെ കേട്ടിരുന്നത് അവഗണിക്കാൻ കഴിഞ്ഞിരുന്നു. (അതിന്റെ പേരിൽ വഴക്കിടാനോ തല്ലാനോ പോകുന്ന സാഹസികത ഒഴിവാക്കിയത് സമയം, ആരോഗ്യം, ജീവിതം എന്നിവയ്ക്ക് കൂടുതൽ വിലയുണ്ടെന്നു ചിന്തിച്ചതിനാലാണ്.) കാലക്രമേണ ആ കാഴ്ചയെ നഗരങ്ങൾ മാത്രമല്ല ഗ്രാമങ്ങളും സർ‌വ്വസാധാരണമായി അംഗീകരിച്ചു. മാത്രമല്ല, കേരളത്തിലെ ഗ്രാമങ്ങളിൽ സ്ത്രീകളോടിക്കുന്ന ഇരുചക്രവാഹനങ്ങളും ധാരാളമായി ഇപ്പോൾ. നിശബ്ദമായ മാറ്റങ്ങളാണിവയെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ വളർച്ചയിലെ പടവുകളാണിവ.

smitaഅതിമനോഹരമായ ഒന്നാണ് ചുംബനം. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നതു കവിത. രണ്ട് വ്യക്തികളുടെ അന്തർലോകങ്ങൾ മാത്രമാകാം മാറുന്നതെങ്കിലും കാണുന്നവരുടെ മനസ്സിന്റെ ജ്യാമിതികളിലും അതു ചലനമുണ്ടാക്കുന്നുണ്ട്. കാഴ്ചയുടെ വിശദാംശങ്ങളിലേയ്ക്ക് കണ്ണയയ്ക്കാതെ തന്നെ അവർ ചുംബിക്കുകയാണ് എന്ന തോന്നലിൽ ഒരു പൂ വിരിയുന്നതു കാണുന്നതിന്റെ സന്തോഷമനുഭവിക്കാൻ കഴിയുമെന്നിരിക്കെ, ഉമ്മ വയ്ക്കുന്നതു കാണുമ്പോൾ ചിലർ ആയുധമെടുക്കുകയും അനാശാസ്യമെന്നു പത്രങ്ങൾ നിറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആ ജ്യാമിതിയുടെ വ്യത്യാസങ്ങൾ കൊണ്ടുതന്നെയാകാം. സിനിമകൾ പോലും ചുംബനമെന്നു സൂചിപ്പിച്ച് രംഗം മാറ്റി കഥ മുൻപോട്ടു കൊണ്ടുപോയിരുന്നതിന്റെ കാരണവുമതാകാം. നാം ശീലിച്ചു വന്ന പാഠങ്ങളിൽ വീടിനു പുറത്ത് മലയാളിയ്ക്ക് സ്പർശനങ്ങൾ – സൗഹൃദത്തിന്റെയോ വാത്സല്യത്തിന്റെയോ ഏതുമാകാവുന്നവ പോലും – എന്നും നിഷിദ്ധമായിരുന്നു എന്നതാണ്. അഭിമാനപ്രശ്നങ്ങളായി അവയെ വളർത്തിയെടുത്തവർ അതു തലമുറകൾക്ക് കൈമാറുകയും ചെയ്തു. (തറവാട്ടിൽ പിറന്നവർ ചെയ്യാത്ത കാര്യങ്ങൾ എന്ന പ്രയോഗം ഇത്തരം കാര്യങ്ങളുടെ സാമൂഹ്യവിഭജനത്തിന്റെ ഉദാഹരണം.)

ഇപ്പോൾ കൊഴിയുന്ന വർഷത്തിന്റെ അവസാനമാസങ്ങളിൽ ചുംബനം ഒരു സമരമാർഗ്ഗമാകുന്നത് നാം കണ്ടു. വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന ‘സദാചാര പോലീസിംഗി‘ നെതിരെ ആരംഭിച്ച ചുംബനസമരങ്ങൾ പല സ്ഥലങ്ങളിലും അരങ്ങേറി. പക്ഷേ ലക്ഷ്യം സാധിച്ചോ അതോ ലക്ഷ്യം തെറ്റി എവിടേയ്ക്കൊക്കെയോ മാറിപ്പോയോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. ചുംബനവിരോധികളുടെ വീക്ഷണത്തെ കൂടുതൽ പ്രാധാന്യം കൊടുത്ത് പ്രചരിപ്പിക്കുവാൻ ഈ സമരങ്ങൾക്കു കഴിഞ്ഞിട്ടില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വഴിയരികില്‍ ഒരു യുവാവിനെയും യുവതിയെയും ഒരുമിച്ചു കണ്ടാല്‍ അവിടെ അനാശാസ്യമെന്നു ക്യാമറ തുറക്കുന്ന മാധ്യമങ്ങള്‍ ഈ സമരത്തെ വികലമാക്കിയല്ലേ പൊതുജനങ്ങളുടെ മുമ്പിലെത്തിച്ചത് എന്നും തോന്നാതിരുന്നില്ല. യുവതയുടെ സ്വാതന്ത്ര്യബോധമെന്നു പറഞ്ഞ് ഇതിനെ ഉള്‍ക്കൊള്ളാനാവാതെ പകച്ചു നിന്ന സാധാരണക്കാരില്‍ നിന്ന് അവരെ കൂടുതല്‍ അകറ്റുവാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. അതിനു തൊട്ടടുത്ത ദിവസം നഗരത്തിലെ പാര്‍ക്കുകളില്‍ ഒന്നിച്ചു നടക്കുകയോ ഒന്നിച്ചിരിക്കുകയോ ചെയ്ത ആണ്‍ – പെണ്‍ ജോടികളെ അനാശാസ്യമെന്നു തലക്കെട്ടു കൊടുത്ത് അവതരിപ്പിച്ചതും ഇതേ മാധ്യമങ്ങളാണ്. അതായത് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ധീരസമരമായി ചിത്രീകരിക്കപ്പെട്ടതിനു സമാനമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോള്‍ ക്യാമറയുടെ ആംഗിള്‍ മാത്രമല്ല അടിക്കുറിപ്പെഴുതുന്നവരും വിപരീതമായ നിലപാടെടുക്കുന്നു. മാധ്യമങ്ങളുടെ കാഴ്ചപ്പാടിൽ പോലും മാറ്റമുണ്ടാക്കുവാൻ ഈ സമരത്തിനു കഴിഞ്ഞില്ല എന്നതാണ് ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. സമരത്തിലാകാം, യഥാര്‍ത്ഥജീവിതത്തില്‍ പാടില്ല എന്ന ഇരട്ടത്താപ്പാണ് സാംസ്കാരികമായി ഉയർന്നവരെന്നു നാം കരുതുന്ന മാധ്യമങ്ങൾ പോലും എടുക്കുന്നതെങ്കിൽ സാധാരണക്കാരുടെ കാര്യം മറിച്ചാവില്ലല്ലോ. (ഏതു ശരി ഏതു തെറ്റ് എന്ന് സമൂഹത്തിനു പറഞ്ഞുകൊടുക്കുന്നതിൽ മാധ്യമങ്ങളാണിപ്പോൾ മുൻ‌നിരയിൽ)

ആദ്യസമരത്തിനുശേഷം മറ്റിടങ്ങളിൽ ആവർത്തിക്കപ്പെട്ട ഈ പ്രതിഷേധപ്രകടനം സമൂഹത്തിനുമുമ്പിൽ സംശയങ്ങളുണർത്തുവാൻ കാരണമായി. ഈ സമരമാർഗ്ഗത്തെ ഫാഷിസത്തിനെതിരായ സമരമായിക്കണ്ടവരെപ്പോലും മറിച്ചു ചിന്തിക്കുവാൻ പ്രേരണ നൽകുന്നതായിരുന്നു പിന്നീടു നടന്ന സംഭവങ്ങൾ. കൃത്യമായ ഒരു കാരണത്തിന്‍റെ പേരില്‍ ഗൌരവമായി രൂപപ്പെട്ട സമരാശയത്തെ അതേ രീതിയില്‍ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുണ്ടായില്ല. എല്ലാക്കാലവും ഏതാണ്ട് പൂർണ്ണമായി തന്നെ ഒരു ‘കംഫർട്ട് സോണി‘ൽ (പൂർണ്ണ വിശ്രമ- മദ്യപാന ദിനങ്ങളായി ബന്ദും ഹർത്താലും ആചരിക്കുന്നത്ര സുഖാവസ്ഥയിൽ) കഴിയുന്നതുകൊണ്ടാകാം ജീവിക്കാൻ ഒരു തുണ്ടു ഭൂമിയ്ക്കായി ആദിവാസികൾ നടത്തുന്ന സമരങ്ങളും ജീവിത സൗകര്യങ്ങൾക്കായി അന്ധരും ബധിരരുമുൾപ്പടെയുള്ള വികലാംഗർ നടത്തുന്ന സമരങ്ങളും ഉൾപ്പെടെ എന്തിനെയും വിനോദവത്കരിക്കാൻ മലയാളിയ്ക്ക് എളുപ്പം കഴിയുന്നത്. അങ്ങനെ ചുംബനസമരവും ഒരു വിനോദപരിപാടിയായി മാറുന്നത് കാണാൻ കഴിഞ്ഞു. ആ രീതിയിൽ അപഹാസ്യമാകുവാനുള്ള ഒന്നായിരുന്നില്ല ഈ സമരമുറ. കപടസദാചാരത്തിനെതിരെ എന്നു പറഞ്ഞിറങ്ങിയ സമരക്കാരിൽ പലരും സമരമുറകളിൽ കാപട്യം കാണിച്ചില്ലേ എന്നു സംശയം തോന്നിപ്പിക്കുന്ന കാഴ്ചകളാണു ക്യാമറകൾ ഒപ്പിയെടുത്തത്. കോമാളിത്തമെന്നോ അശ്ലീലമെന്നോ തോന്നുന്ന വിധത്തിൽ ചുണ്ടുകൾ കോർത്ത സൗഹൃദചുംബനങ്ങളിലെത്തിയവസാനിച്ചപ്പോൾ സമരത്തിന്റെ യഥാർത്ഥലക്ഷ്യത്തെപ്പറ്റി സംഘാടകർ തന്നെ മറന്നതുപോലെ തോന്നി. ബലാത്സംഗവും കൊലപാതകവും സമാനകുറ്റകൃത്യങ്ങളും വീഡിയോഗെയിമുകളിലൂടെ വിനോദമാർഗ്ഗമായി അംഗീകരിച്ചുകഴിഞ്ഞ ഒരു തലമുറയ്ക്ക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള യഥാർത്ഥ ബോധം പകർന്നുകൊടുക്കാൻ കൂടെ നിൽക്കുന്ന മുതിർന്നവർക്കും കഴിഞ്ഞില്ല. ശരിയായ രീതിയിലുള്ള അവബോധം സൃഷ്ടിക്കാതെ സമരം ചെയ്യുമ്പോൾ അത് സമൂഹത്തിൽ ഉളവാക്കുന്നത് ചില ആശങ്കകളാണ്. കപടസദാചാരത്തിന്റെ അയലത്തെങ്ങുമല്ലാത്ത ബോധം ഉള്ളിൽ പേറുന്നവർക്കും ഈ ആശങ്കകളെ മാറ്റി നിർത്തുവാനാകുമോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

മനോഹരമായി ചുംബിക്കുന്നതും മനോഹരവും മഹത്തരവുമായ മനുഷ്യ ഇടപെടലുകൾ, പ്രത്യേകിച്ച് ആൺ‌ – പെൺ ഇടപെടലുകൾ കാണുന്നതും വ്യക്തികളും സമൂഹവും ശീലിക്കേണ്ടിയിരിക്കുന്നു. അതിനൊരു തുടക്കമാകുവാന്‍ ഈ സമരങ്ങള്‍ക്കു കഴിയുമെങ്കില്‍ അതൊരു നേട്ടം തന്നെയാണ്‌. മറിച്ച്, ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട തോന്ന്യാസങ്ങളാണെന്ന ധാരണ പൊതു സമൂഹത്തിനും നല്‍കുന്നത് പലവിധ അസമത്വങ്ങളില്‍ ആടി നില്‍ക്കുന്ന ജനതയെ കൂടുതല്‍ ശിഥിലമാക്കുകയേയുള്ളു.

മലയാളി ഒരു സാമാന്യസ്വഭാവമായി അംഗീകരിച്ചുകഴിഞ്ഞ ജാട അഥവാ പ്രകടനപരതയുടെ ഭാഗമായിപ്പോലും ചുംബനസമരം മാറിയോ എന്ന സംശയം ബാക്കിവച്ചുകൊണ്ട് ചിന്തയിൽ സൗരഭ്യമുതിർക്കുന്ന ചില ചുംബനങ്ങൾ ഓർത്തെടുക്കുന്നു. വിദ്യാഭ്യാസകാലത്തെ പഠന-വിനോദയാത്രയിൽ എലിഫന്റാ കേവുകളിലേയ്ക്ക് പടവുകൾ കയറുമ്പോൾ, ഒപ്പമുണ്ടായിരുന്ന ഒരച്ഛനെയും അഞ്ചു വയസ്സിൽ താഴെ മാത്രം പ്രായം വരുന്ന മകനെയും ശ്രദ്ധിച്ചത് ഉമ്മയുടെ സൗരഭ്യമറിഞ്ഞാണ്. മൂന്നോ നാലോ പടവുകൾ പിന്നിടുന്ന ഓരോ ഇടവേളയിലും ആ പിതാവ് മകനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മവയ്ക്കുന്നു. ആ കയറ്റത്തിലത്രയും അതവർ തുടരുന്നുണ്ടായിരുന്നു. അവർ അച്ഛനും മകനുമാകുമെന്നും ആ കുഞ്ഞിന്റെ അമ്മ അവരെ വിട്ടുപോയതാകാമെന്നുമൊക്കെ മനസ്സ് കഥ മെനഞ്ഞെടുത്തത് ആ ഉമ്മകൾ പരത്തിയ വാത്സല്യത്തിന്റെ നിറവിൽ ലയിച്ചാണ്. അതുപോലെ പ്രണയത്തിന്റെ സൂര്യൻ തപിച്ചു നിന്നൊരു നട്ടുച്ചയിൽ കാറിലിരുന്നുള്ള ഒരു സംഭാഷണത്തിന് ഒരു ചുംബനം കൊണ്ടു മാത്രമേ പൂർണ്ണവിരാമമിടാനാകൂ എന്നു തോന്നിയ അവൻ തിരക്കുള്ള റോഡരികിലെ പാർക്കിംഗ് സ്ഥലത്ത് വാഹനമൊതുക്കിയിട്ട് മുഖം കൈകളിലെടുത്ത് ചുണ്ടുകളിൽ അമർത്തി ചുംബിച്ചപ്പോൾ തീ പാറുന്ന വെയിലിൽ കുളിർമഴ പെയ്യുന്നതറിഞ്ഞതും മറ്റൊരു ചുംബനസ്മരണ.