White Crow Art Daily

സമാഹാരങ്ങള്‍ക്ക് വെളിയില്‍ ജീവിച്ച അയ്യപ്പന്റെ ഒരു കവിത

ഒരു കവിതയുടെ കഥ/സര്‍ജു

ലമെന്ന് കരുതി അടുത്തു ചെന്നു
പച്ചതത്തയുടെ ജഡമായിരുന്നു.

വ്യവസ്ഥയുടെ തൂണുകളെല്ലാം ഇത്രമേല്‍ കാവ്യാത്മകമായ ഒരു കാലം മുമ്പുണ്ടായിട്ടേയില്ല.
അപ്രതീക്ഷിതമായിട്ടായിരുന്നു  ഉയര്‍ന്നകോടതി രൂപകങ്ങളുള്ള ഭാഷ സംസാരിച്ചു തുടങ്ങിയത്. തത്ത, തത്തക്കൂട് എന്നൊക്കെ പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കില്‍  ഇങ്ങനത്തെ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഏതോ കേസ്കെട്ട് നിവര്‍ത്തിവച്ച് സീസര്‍,സീസറിന്റെ ഭാര്യ എന്നൊക്കെ പറഞ്ഞതോടെ മന്ദമാരുതനോടൊപ്പം തത്ത നിയമനിര്‍മ്മാണ സഭകളില്‍ പാറിക്കളിക്കാന്‍ തുടങ്ങി.ഉണ്ടായ രാഷ്ട്രീയമാറ്റത്തില്‍ കവിത എഴുതുന്നവര്‍ മന്ത്രിമാരായി കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയാകട്ടെ കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കാനും കവിസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്താനും തുടങ്ങി.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍,പ്രത്യേകിച്ച് പൊലീസുകാര്‍ കാവ്യാതമകമായും തത്വചിന്താപരമായും മാത്രമേ ഇപ്പോള്‍ സംസാരിക്കുന്നുള്ളൂ.ജനാധിപത്യ വ്യവസ്ഥയുടെ നാലാംതൂണായ മാധ്യമങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.സാഹിത്യഭാഷയിലാണവര്‍ വാര്‍ത്തകളെഴുതുന്നത്.ചിലപ്പോള്‍ വാര്‍ത്ത തന്നെ ഒരു കഥയായിരിക്കും.
വ്യവഹാരഭാഷ ഏതുകോടതിയ്ക്കും മടുക്കുമെന്നതു ശരിതന്നെ.എന്നാല്‍ പ്രതീകങ്ങളും രൂപകങ്ങളും നിറഞ്ഞ ഭാഷ ഡെങ്കിപ്പനിപോലെ പടരാന്‍ തുടങ്ങിയാലോ?.വ്യവസ്ഥയുടേയും കവിതയുടേയും ഭാഷ ഒന്നാകുന്നതിലെ ഉഗ്രപ്രതിസന്ധി കവികള്‍ മുന്നില്‍ക്കണ്ടു. അവരുടെകൂടി പ്രേരണയില്‍ തത്തയും നായയും ഒന്നിച്ച് കോടതിയില്‍ ഹര്‍ജികൊടുക്കുകതന്നെചെയ്തു. ധ്വനിയോ രൂപകമോ ബിംബമോ പ്രതീകമോ അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളായി ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നായിരുന്നു ഹര്‍ജി! തത്ത മാത്രമായ തത്ത, നായ മാത്രമായ നായ!

ayyapan-fest

എന്തിനേയും രാജകീയമെന്ന് വിശേഷിപ്പിക്കുന്ന നാട്ടില്‍ അരാജകം ഒരു ഗംഭീരവാക്കാണ്.സ്വന്തമായി കുടുംബമുണ്ടാക്കാതെ വ്യവസ്ഥയ്ക്കും ആണധികാര സ്വരൂപങ്ങള്‍ക്കും പുറത്തു ജീവിച്ച ചില കവികളുണ്ട്. എ. അയ്യപ്പന്‍ അവരിലൊരാളായിരുന്നു. ഇപ്പോള്‍ അയ്യപ്പനും ആത്മശാന്തികിട്ടിയിട്ടുണ്ടാകും. ഈ സാമൂഹിക മാറ്റത്തില്‍ സന്തോഷിക്കുന്നുണ്ടാകും.ഇത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആല്‍ക്കഹോളില്‍ പ്രോട്ടിനുണ്ടെന്ന വിശ്വാസം വെടിഞ്ഞു കുറച്ചു കാലം കൂടി ജീവിതം കഴിച്ചേനെ. വ്യവസ്ഥയ്ക്ക് പുറത്തു ജീവിച്ച ഒരാളുടെ കവിതയ്ക്ക് സമാഹാരങ്ങള്‍ക്ക് പുറത്തും ജീവിക്കാനാകും. അത്തരമൊന്നിന്റെ ഓര്‍മ്മയാണീ കുറിപ്പ്.

കവിതയുടെ മണമുള്ള വീടായിരുന്നു. അതികാലത്തുണരുന്ന കാരണവരുടെ മുറിയില്‍ നിന്ന് കുമാരനാശാനെ കേള്‍ക്കാമായിരുന്നു.
ശ്രീഭൂവിലസ്ഥിര-
അങ്ങനെയെങ്കില്‍ പിന്നെന്തിന് പുലര്‍ച്ചയ്ക്കുണര്‍ന്നു പഠിക്കണം?
എന്നാല്‍ ആശാനുറപ്പുണ്ടായിരുന്നു.അസംശയം എന്നായിരുന്നു അടുത്തവാക്ക്.
ശ്രീഭൂവിലസ്ഥിര- അസംശയം.അനിശ്ചിതമായ ഇടങ്ങളില്‍ നിന്ന് സംശയങ്ങള്‍ ശമിക്കുന്നിടത്തേക്കുള്ള ഇടദൂരം, ആ അടയാളം എത്രചെറുതെങ്കിലും ജീവിതം പൂരിപ്പിച്ചുകൊണ്ടിരുന്നു.

k-raman

വിട്ടുപോകുന്നതിനു മുമ്പ്തന്നെ കവിയുടെ കാല്പാടുകള്‍ വായിക്കാന്‍ വീട്ടില്‍ നിന്ന് പറഞ്ഞിരുന്നു. അതൊരു ഗുണപാഠപുസ്തകമത്രെ.കവിതയില്‍ വിശ്വാസമുറച്ചാല്‍ മതഗ്രന്ഥവും.
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ അംഗത്വമുള്ള നിശബ്ദതയില്‍ നിന്നിറങ്ങി കാന്റീനിലേയ്ക്ക് നടക്കുമ്പോള്‍ മരച്ചോട്ടില്‍ അത്താണിക്കല്ലില്‍ മയങ്ങുന്ന ഒരാളെ കണ്ടിട്ടുണ്ട്.എ.അയ്യപ്പന്‍, അശ്ലീലം അയ്യപ്പന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് പക്ഷേ അതേ നഗരത്തിലെ സത്രത്തില്‍ മരിച്ച പി. കുഞ്ഞിരാമന്‍നായര്‍ അയാളുമായി ഒരകലമുണ്ടാക്കിത്തന്നു.

തിരുവനന്തപുരത്ത് എസ്.മണിയന്‍ എന്നൊരു പ്രസാധകനുണ്ടായിരുന്നു.വര്‍ണലയം എന്നൊരു മാസികയും.പരിചയപ്പെടുമ്പോള്‍ അദ്ദേഹവും മാസികയും പ്രതിസന്ധിയിലായിരുന്നു. പന്ത്രണ്ടുലക്കങ്ങള്‍ കാട്ടിത്തന്നു. പി.നാരായണക്കുറുപ്പും വി. മധുസൂദനന്‍ നായരുമായിരുന്നു പത്രാധിപസ്ഥാനത്തുണ്ടായിരുന്നത്. പ്രതിസന്ധിയിലായ മനുഷ്യരോട് പോംവഴികളെന്തെങ്കിലുമൊക്കെ പറയുമ്പോഴാണ് നമ്മള്‍ പരിഗണിക്കുന്നുവെന്ന് അവര്‍ക്ക് തോന്നുക.അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെങ്കില്‍, അച്ചടിയുടേയും വിതരണത്തിന്റേയും സാമ്പത്തികച്ചുമതല തുടര്‍ന്നും വഹിക്കാമെങ്കില്‍ മാസിക നിര്‍മ്മിച്ചുതരാം, ഉള്ളടക്കത്തിന് പണം വേണ്ട സ്വാതന്ത്ര്യം മതി.

അദ്ദേഹമത് സമ്മതിച്ചു.സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ ഒരാളോട് അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ എന്ന് പറഞ്ഞത് ഉചിതമായില്ലെന്ന് തോന്നിയിരുന്നു. എസ്.മണിയനുമായുള്ള സംസാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആണുങ്ങളുടെ രണ്ടാമത്തെ ഹോസ്റ്റലില്‍1988 അവസാനമാണ് നടന്നത്.

കഥാകൃത്തും ഹൌസ്സര്‍ജനുമായിരുന്ന വി.എസ് രാജീവായിരുന്നു പുതിയ പത്രാധിപര്‍. ബി.സി രാജേഷ് എന്ന കവിയും ഞാനും സഹായികളും.അക്കാലത്ത് കലയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഇടയ്ക്കിടെ അസുഖങ്ങള്‍ വരികയും ചിലപ്പോഴൊക്കെ ഗുരുതരമാകുകയും ചെയ്തുകൊണ്ടിരുന്നു. ആശുപത്രികളുടെ ആ ഉപനഗരത്തില്‍ കിടപ്പിലായ സാഹിത്യത്തെ ഞങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു പോന്നിരുന്നു.പുതിയ സാഹിത്യം മുതല്‍ പീഢിതസാഹിത്യംവരെ നീളുന്ന വിപുലമായൊരു ബന്ധം അക്കാലത്തുണ്ടായിരുന്നു.കേശവദേവിന്റെ മകന്‍ ജ്യോതിദേവ്, ഒ.എന്‍.വിയുടെ മകള്‍ മായ അങ്ങനെ വീട്ടില്‍ സാഹിത്യ നിലവറയുള്ള പലരും അവിടെ വിദ്യാര്‍ത്ഥികളുമായിരുന്നു.

varnalayam-cover

കവിത തരാമെന്ന് സമ്മതിച്ചതനുസരിച്ച് ഒരു വൈകുന്നേരം രാജീവിനൊപ്പം ഖദീജലോഡ്ജിലെ എ.അയ്യപ്പന്റെ മുറിയിലെത്തി. കട്ടിലിൽ ചുരുണ്ടുകിടക്കുന്ന കവി,അപരിചിതരായ മറ്റ് രണ്ടാളുകള്‍. മേശമേൽ ഒഴിഞ്ഞ കുപ്പി, മിക്ചറിന്റെ ബാക്കി, ഞാലിപ്പൂവൻ പഴം, … പിന്നെവരാം എന്ന് ഞങ്ങൾ പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോൾ മയക്കത്തില്‍ നിന്ന് അയ്യപ്പനുണര്‍ന്നു.കാശു കൊണ്ടു വന്നിട്ടുണ്ടോ ? എന്ന് ചോദിച്ചുകൊണ്ട് കട്ടിലിന് കീഴിലെ പെട്ടിയിൽനിന്ന് ഒരു ഡയറി എടുത്തു.അതിലെ ഒരു താളില്‍ പിടിച്ചുകൊണ്ട് കാശെട്ക്ക് എന്നാഗ്യം കാണിച്ചു.

പത്തിന്റെ അഞ്ച് നോട്ടുകൾ കൊടുത്തു.
അയ്യപ്പന്റെ കവിതയ്ക്ക് അമ്പതു രൂപയോ?ഒരമ്പതു കൂടിത്താ.
ഇല്ല .അയ്യപ്പണ്ണനായതുകൊണ്ടാണ് ഞങ്ങൾ കാശുതരുന്നത്.
മുറിവാടക കൊടുത്തില്ല,ഇരുപത്തഞ്ചുരൂപ കൂടിതാ.
ഇല്ല
പത്തുരൂപകൂടി വേണമെന്ന് പറഞ്ഞ് ആ പേജ് കീറിത്തന്നു.

ഇല്ല എന്ന് പറയാനുള്ള ധൈര്യം അക്കാലത്ത് സത്യം പറയുന്നതിലുള്ള സന്തോഷമായിരുന്നു.
ലോഡ്ജിന്റെ ഇടനാഴിയില്‍ വച്ചുതന്നെ ഞങ്ങള്‍ കവിത വായിച്ചു.
ശവശരീരത്തിലെ പൂക്കള്‍ എന്ന് തലക്കെട്ട്.

പറയൻ പ്രാപിച്ച അന്തർജനത്തിന്റെ
തുളസിപ്പൂമുറ്റം കണികണ്ടു ഞാനുണരുന്നു…

പത്രാധിപ സമിതി കൂടിയിരുന്നത് രാത്രി ഹൌസര്‍ജന്‍സ് ക്വാട്ടേഴ്സിന്റെ ടെറസിലായിരുന്നു.അതൊരു നിശാക്ലബ് പോലെ ആയിരുന്നു.ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നുള്ള വര്‍ഗീസ് ഐരാപുരം എന്നൊരു ചിത്രകാരനുമുണ്ടാകും.ആദ്യ ലക്കത്തില്‍ ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പലും ചിത്രകാരനുമായ എം.സനാതനന്റെ ഒരു രചനയായിരുന്നു മുഖ ചിത്രം. അക്കാലത്ത് യൂണിവേഴ്സിറ്റി തലത്തിലൊക്കെ സാഹിത്യ സമ്മാനങ്ങള്‍ നേടുകയും പുതിയ എഴുത്തുകാര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങുകയും ചെയ്ത യൂണിവേഴ്സിറ്റി കേളേജിലെ അന്‍വറിന്റെ കവിതയും ടി.കെ.എം എഞ്ചിനീയറിംഗ് കേളേജില്‍ നിന്നുള്ള രാജേഷ് വര്‍മ്മയുടെ കഥയുമൊക്കെ ഉള്‍പ്പെടുത്തി കാമ്പസില്‍ നിന്നുള്ള ആനുകാലികമായി ഞങ്ങള്‍ വര്‍ണലയം പുതുക്കി.

vinyasam-1ayyappan

കാമ്പസ് വിട്ട് തൃശൂര്‍ ജോലി ചെയ്യുന്ന സമയത്ത് അയ്യപ്പന്റെ ഒരു മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു. കവിത ഡയറിയില്‍ നിന്ന് കീറിത്തന്നതിനാല്‍ പ്രസിദ്ധീകരിച്ചകോപ്പി അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടിരുന്നു. അക്ഷരം പുനപ്രകാശിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും എല്ലാര്‍ക്കുമെഴുതുന്നപോലെ എഴുതിയിരുന്നു. കാര്‍ഡിലെ വിലാസത്തില് കവിത അയയ്ച്ചുകൊടുക്കുകയും ചെയ്തു.

രണ്ടു ഭൂതങ്ങള്‍ ഒരുമിച്ച് ബാധിക്കില്ല. അക്കാലത്ത് എന്നില്‍ പിടിമുറുക്കിയ കുഞ്ഞിരാമന്‍നായരെ എഴുതിഒഴിക്കാന്‍ നോക്കി.അങ്ങേര്‍ ഒഴിഞ്ഞില്ല. കടലിന്റെ മീതേ നടന്നു.പിന്നീട് പി. സ്മാരക കവിതാപുരസ്കാരം സ്വീകരിക്കാന്‍ ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് ഷാര്‍ജയോളം വരേണ്ടി വന്നു.
…………..
ഭ്രമണപഥങ്ങള്‍ക്കുമപ്പുറം ഭ്രമിക്കയാല്‍
പൊട്ടിതിരിച്ചെന്ന പോല്‍ പല നാടലഞ്ഞേറെ
കുട്ടിക്കു കളിച്ചെണ്ട വാങ്ങി ഞാന്‍ വരുംനാളില്‍
വേളിക്കു പൂത്താലികള്‍ നീട്ടി നീ വിളിക്കുന്നു.
പുരയില്‍ നേരം തെറ്റി,വേലയ്ക്കു പോകാതെയായ്
പുഴയില്‍ പോത്തെന്ന പോല്‍ കള്ളിലെന്‍ തലച്ചോറു
കല്ല്യാണരാമന്‍ കൂട്ടു,പലര്‍ക്കായി പുടവകള്‍
ചഞ്ചലം ചിത്തമെനിക്കെന്നെയും കിട്ടാതായി.

ധൂര്‍ത്തമാം നിന്‍ജീവിതം പകര്‍ന്നാടുവാന്‍ വയ്യ
ആട്ടവിളക്കു കെട്ടു മിഴാവിന്‍ തുകല്‍ പൊട്ടി
വിട്ടുപോവുക എന്നില്‍ നിന്നു നീ എന്നേക്കുമായ്
നീണ്ടു നില്‍ക്കാത്തതൊന്നീ ആലിംഗനത്തിന്‍ സുഖം.

ഒഴിഞ്ഞിന്നകലുവാനാഭിചാരങ്ങള്‍ വേണം
കവിതയ്ക്കിടമുണ്ടോ കുഞ്ഞിരാമനുമിടം.
(പി. യുടെ ഓര്‍മ്മയ്ക്ക് -1994 )

അബുദബി നഗരം ഒരു ദ്വീപാണ്.അവിടേയ്ക്ക് മൂന്നുപാലങ്ങളുണ്ട്.താമസിക്കുന്ന പതിമൂന്നാം നമ്പര്‍ തെരുവില്‍ മേടത്തിനുമുന്നേ മഞ്ഞപ്പൂക്കള്‍കൊണ്ടുമൂടുന്ന പേരറിയാത്ത ഒരു മരമുണ്ട്. അതിനോട് ചേര്‍ന്ന് മഞ്ഞുകാലത്ത് തളിര്‍ത്തുപൂക്കുന്ന ഒരു മുല്ലക്കാടും.

ayya2-2

ഒരവധിക്കാലത്ത് രാജീവ് പറഞ്ഞു: അയ്യപ്പന്റെ ഇതുവരെയുള്ള കവിതള്‍ ഉള്‍പ്പെടുത്തി പെന്‍ ബുക്സിന്റെ സമാഹാരം വന്നിട്ടുണ്ട്. അതില് ആ കവിത ഇല്ല – ശവശരീരത്തിലെ പൂക്കള്‍.
ആദ്യവരികള്‍ ഓര്‍മ്മയുണ്ട്.
അതെനിക്കും ഓര്‍മ്മയുണ്ട്,വര്‍ണലയത്തിന്റെ കോപ്പി പരതിയിട്ട് കിട്ടിയില്ല.
എന്റടുത്തുമില്ല.

അയ്യപ്പന്റെ മേല്‍വിലാസങ്ങളുടെ ഓര്‍മ്മയ്ക്ക് അന്‍വറിന്റെ രാത്രിയിലെ പോസ്റ്റുമാന്‍ ചൊല്ലിപ്പിരിഞ്ഞു.

ബോധംകിളച്ചിട്ട ഭ്രാന്തനില്‍ മഴ പോലെ
പോകാനിറങ്ങുന്ന പാന്ഥരില്‍ മിഴിപോലെ
പാതയില്‍ സൈക്കിള്‍ തിളങ്ങുന്നു;
രാത്രിയില്‍
പോസ്റ്റുമാനെത്തുന്നു….

വിരലുനഷ്ടപ്പെട്ടൊരംഗുലീയം പോലെ
മലകളെ വലംവച്ച് സൈക്കിള്‍ മറയുന്നു…

മറ്റൊരവധിക്കാലത്ത് കെ.വി മണിയുടെ വീട്ടില്‍ വച്ചായിരുന്നു രാജേഷ് വര്‍മ്മയെ കണ്ടത്. ഇരുപതുവര്‍ഷങ്ങളുടെ ഇടവേളയില്‍ രണ്ടുപേര്‍ കൂടിക്കാണുമ്പോള്‍ ഒരാളിന്റെ ഇടനിലയില്ലെങ്കില്‍ പരസ്പരം തിരിച്ചറിയണമെന്നില്ല.ബാഹ്യപ്രകൃതിയുടെ മാറ്റം മാത്രമല്ല. അതേആള്‍ എന്നോ ,എനിക്കയാളെ അറിയാമെന്നോ അലസമായാണ് നമ്മള്‍ പറയുന്നത്. പുറപ്പാടിന്റെ പുസ്തകത്തിലെ രണ്ടദ്ധ്യായങ്ങളായി ഞങ്ങള്‍ സന്ധിച്ചു. സ്വന്തം കഥവന്ന മാസികയുടെ കോപ്പി രാജേഷ് സൂക്ഷിച്ചിട്ടൂണ്ടായിരുന്നു.വര്‍ണലയത്തിന്റെ കോപ്പിയും ഞാനയച്ച ഒരു കാര്‍ഡും ഒരിന്ദ്രജാലത്തിലെന്നപോലെ രാജേഷ് കാണിച്ചു.ശവശരീരത്തിലെ പൂക്കളില്‍ മാളമില്ലാത്ത പാമ്പിനെയും കോലങ്ങളുടെ പത്തിയും കണ്ടു. ഇഴഞ്ഞിഴഞ്ഞ് എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു.

rajesh-varma

Rajesh Varma

ഒരുകുറിപ്പോടെ വീണ്ടും പ്രസിദ്ധീകരിക്കാനായാല്‍ നല്ലതെന്ന ആഗ്രഹത്തോടെ രാജീവിന് ആ കവിത കൈമാറി, മടങ്ങി. അയാളുടെ ഒരു കവിതാസമാഹാരത്തിന് അയ്യപ്പന്‍ അവതാരിക എഴുതുകയും ചെയ്തിട്ടുണ്ടായിരുന്നു. രാജീവാകട്ടെ നൂറുരാജ്യങ്ങള്‍ ചെന്ന് കാണുക എന്ന ആഗ്രഹത്തിന്റെ പിന്നാലെയായിരുന്നു.അതുടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലും കണ്ടതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്ന കൌതുകത്തിലും കാത്തിരുന്നു.

കൂട്ടുകാരികളില്‍ ചിലര്‍ ഇടയ്ക്കിടെ കവിതാസമാഹാരങ്ങള്‍ വാങ്ങി അയയ്ച്ചുതന്നിരുന്നു.ഉള്‍ത്താളുകളില്‍ അടയാളങ്ങള്‍ വയ്ക്കുകയോ വാക്കുകള്‍ക്ക് അടിവരയിടുകയോ ചെയ്യുന്ന സ്വഭാവക്കാരായിരുന്നില്ല.ഒരിക്കല്‍ അയച്ചു കിട്ടിയ അയ്യപ്പന്റെ ഒരു സമാഹാരത്തിന്റെ മുഖചിത്രം അയാളുടെ ഡയറിയില്‍ നിന്ന് കീറിയ ഒരു താളായിരുന്നു. അതിലെ, ഞാനിപ്പൊഴും പഴയ പുഴതന്നെ- എന്ന വരിയില്‍ സങ്കടത്തോടെ ഞാന്‍ ഒലിച്ചു പോകുകയും ശ്രീ ഭൂവിലസ്ഥിരം വന്നു രക്ഷിക്കുകയും ചെയ്തു. ശ്രീ, ഇപ്പോള്‍ സകലവാക്കിനും പകരമാകുന്ന ഒന്ന്.

അബുദബിയിലെ വസതിയ്ക്കരികില്‍ കുറച്ച് മരങ്ങളുണ്ട്.പോയ വേനല്‍ അവ്യ്ക്കടിയില്‍ കരിയിലകളുടെ ഒരു പരവതാനി തീര്‍ത്തു. പറക്കും പരവതാനി തന്നെ. ഇതു ശ്രദ്ധിച്ച അറബി മേല്‍നോട്ടക്കാരനെ ശകാരിക്കുകയും പെട്ടെന്ന് തീപിടിക്കും അതിനാല്‍ വെടിപ്പാക്കാന്‍ പറയുകയും ചെയ്തു. വില്ലയ്ക്കരികിലെ മുല്ലക്കാടും കരിഞ്ഞു നില്‍ക്കുകയായിരുന്നെങ്കിലും അത് അയാളുടെ അധീനതയില്‍ ആയിരുന്നില്ല.

vs

ഊദിന്റെ തോട്ടം ഭാവനചെയ്തുകൊണ്ട് ഇടത്തെരുവിലൂടെ നടന്ന ഒരു വൈകുന്നേരം തുളസിപ്പൂമണം കിട്ടി. മാവും മുരിങ്ങയും വേപ്പും നാരകവുമൊക്കെ അറബികളുടെ വീട്ടുവളപ്പില്‍ കണ്ടിട്ടുണ്ടെങ്കിലും തുളസിപ്പൂമണം ആദ്യമായിട്ടായിരുന്നു. ഒരിലനുള്ളി മണത്തു.പനിക്കൂര്‍ക്കയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പച്ചയില്‍ നിന്നും കിനിയുന്ന പോലൊന്ന് വിരലില്‍ പടര്‍ന്നു.അതിന്റെ മണം അറേബ്യന്‍ സുഗന്ധത്തിനുള്ളില്‍ പടരാന്‍ തുടങ്ങി.

( അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണ്ണം- ഡി.സി.ബുക്സ്/ മുറിവേറ്റ ശീര്‍ഷകങ്ങള്‍- പെന്‍ബുക്സ് / ഭൂമിയുടെ കാവല്‍ക്കാരന്‍ – ചിന്ത )

 

 

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.