White Crow Art Daily

സമുദ്രനീലിമയുടെ കവിതകൾ

കവിതയും കവിയും / സമുദ്രനീലിമ

സോപ്പും പച്ച മഞ്ഞളും തമ്മില്‍ തൊട്ടാല്‍‌ ചുവന്നുവരും. അതൊരു രാസ പ്രവര്‍ത്തനമാണ്. കവിതയും അങ്ങനെയൊക്കെ തന്നെ നമ്മില്‍ പ്രവര്‍ത്തിക്കുന്നു. നമ്മളുണ്ടാക്കിയ ആ ചുവപ്പാണ് കവിത എന്ന് പറയേണ്ടി വരും. അതിന്‍റെ വരവും പോക്കും വിചിത്രമാണ്. വന്നു പോവുന്നതി നിടയില്‍ നമ്മുടെ ജീവിതപരിസരം മറ്റൊരു രാസ വസ്തു പോലെ കവിതയുണ്ടാക്കുകയോ കെടുത്തി കളയുകയോ ചുവപ്പിക്കുകയോ ചെയ്യും.

പലരില്‍ പല രീതിയില്‍ അത് നടക്കുന്നു.ഉണ്ടാവുന്ന ഉത്പന്നത്തെ നാം കവിത എന്ന് വിളിക്കുന്നു. നമ്മള്‍/ കൂട്ടം വിളിച്ചില്ലെങ്കിലും എഴുതുന്ന ആള്‍ അങ്ങനെ വിളിക്കുന്നുണ്ടോ എന്നതാണ് കാര്യം. കവിത എവിടെയും സംഭവിപ്പിക്കാവുന്ന ഒന്നാണ്. ഗദ്യത്തിലോ അനുഭവങ്ങളിലോ ഭാവനയിലോ പത്ര കുറിപ്പിലെ വിട്ടു പോയ ഒരു വരിയിലോ കത്തിലെ ഒരു അക്ഷരപിശകിലോ അതുണ്ടാവാം. അത് പറയുക എന്നിടത്ത് കവിതയിലേക്കുള്ള വഴിയുണ്ടെന്നു തോന്നുന്നു. 

ഒരിക്കല്‍ ഞാനെഴുതിയതൊന്നു വായിച്ചു നോക്കാമോ എന്നൊരാളോട് ചോദിച്ചപ്പോൾ പിന്നെ വരാമെന്ന് മറുപടി കിട്ടി. എല്ലാ കഥയിലെയും പോലെ പിന്നെ ആരും വന്നതൊന്നുമില്ല. ഹമ്പോ എന്തൊരു തിരക്കാണ് വലിയവരുടെ ലോകം, അല്ലേ. എന്നാലും അത് നല്ലൊരു മറുപടിയല്ലേ . എല്ലാ കാലത്തും ആരെങ്കിലുമൊക്കെ വന്നു വായിച്ചു കൊണ്ടേയിരിക്കും, പിന്നെ വരാമെന്നു പറഞ്ഞു പോവുന്നവരൊക്കെ വരുമായിരിക്കും എന്നൊക്കെയുമുണ്ടല്ലോ.

തിരക്കിട്ടുപോയ ആൾ തിരികെ വരുന്നത്‌ നമ്മളെഴുതിയതു  വായിക്കാൻ തന്നെയാവണമെന്ന് നിർബന്ധമൊന്നുമില്ല. നമ്മുക്കപ്പുറത്തും ഇപ്പുറത്തു മൊക്കെയായി ഒരുപാടു പേർ എഴുതുന്നു. എല്ലാവരും എഴുതണം. എല്ലാവരെയും വായിക്കാൻ ആൾക്കാർ തിരികെ വരണം. അങ്ങനെ പിന്നെ വായിക്കാമെന്ന് പറഞ്ഞ് പോയോരെയൊക്കെ നമ്മൾ വരുത്തണം എന്നാണെനിക്ക് . സോപ്പും മഞ്ഞളും ചേർന്ന് ചുവക്കുന്ന രഹസ്യം നമുക്കറിയാലോ.

പനി

നിമിഷനേരത്തേക്ക്
ആളുകളില്‍ വീടുകെട്ടുകയെന്ന
അതികാല്‍പ്പനികത എനിക്ക് വശമുണ്ട്.

അങ്ങനെ ഞാന്‍
ഒളിച്ചു
താമസിച്ച വീടുകളെല്ലാം
പട്ടു പോയിട്ടേയുള്ളൂ.

ഇപ്പോള്‍ താമസിച്ചു കൊണ്ടിരിക്കുന്ന
കിളിക്കൂട് അവന്‍റെ
തലയോട്ടി തന്നെ.
അത് പട്ടുപോവാന്‍ നേരമായി.

തിരക്കുപിടിച്ച്
ഞാന്‍ അതിന്‍റെ കമ്പും നാരും
ചുംബിച്ചു ചുംബിച്ചു വേര്‍പെടുത്തുന്നു.

വൈകുന്നേരമഞ്ഞ
ഞങ്ങള്‍ക്കിടയില്‍
ഒരു ഞൊടിയിട വിളറുന്നു.

സിഗരെറ്റ് പുക
പുറമേക്ക്
വള്ളിക്കുടില്‍ എന്ന് തോന്നിക്കുന്ന വിധം
പിണഞ്ഞ ഒരു അവയവത്തില്‍
ഞങ്ങളെ നിക്ഷേപിക്കുന്നു.

അലാറം വെച്ചു ഞങ്ങള്‍ അതില്‍
ഉറങ്ങാന്‍ കിടക്കുന്നു.
അലാറം അടിച്ചില്ലെങ്കിലോ
എന്നോര്‍ത്തോര്‍ത്ത് ഉറങ്ങുന്നില്ല.

ഖനീഭവിച്ച പുകച്ചുരുള്‍കൂടാരം
ലോഹനാട്യത്തില്‍
ഉറങ്ങാന്‍ കിടക്കുന്നവരെ ഞെരുക്കുന്നു.
വൈകുന്നേരമഞ്ഞ സങ്കടമഞ്ഞാവുന്നു.

പ്രണയിച്ചവരൊക്കെ പനിപിടിച്ചു മരിച്ചുപോയി.
അവരുടെ പനി ചതഞ്ഞ ഒരു വിറയലായി
എന്നെ തെരഞ്ഞ് വരുന്നു.
അവര്‍ക്ക് ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നുകളും
എന്നെ തെരഞ്ഞ് വരുന്നു.
തെര്‍മോമീറ്റര്‍ രേഖപ്പെടുത്തിയ അവരുടെ
താപം കുത്തനെ എന്‍റെ തൊലിയെ പൊള്ളിക്കുന്നു.

സ്തെതസ്കോപ്പ്,കത്രികകള്‍,കത്തികള്‍,
തുടങ്ങിയവയും എന്നെ തെരഞ്ഞ് വരുന്നു
അതില്‍ നീല നിറത്തിലുള്ള ഒരു ഗുളിക
ഞാന്‍ തെരഞ്ഞെടുക്കുന്നു.
അത് കഴിച്ച് കട്ടില്‍ തെരഞ്ഞു പോവുന്നു.
രാത്രി മുഴുക്കെ
ചെങ്കണ്ണുള്ള കിളികളെ സ്വപ്നം കണ്ടു കരയുന്നു.

അതിരാവിലെ
തിണര്‍ത്ത പാടുകളില്‍ കൂടുവെച്ച
കിളികളെ
കൂട്ടത്തോടെ പറത്തിവിടുന്നു.
വസ്ത്രം ധരിച്ച് നടന്നു പോവുമ്പോള്‍
അകപ്പെട്ടുപോയ ചില കിളികള്‍
ക്ഷോഭിച്ചു
കൊക്കു കൊരുക്കുന്നു.
കുടഞ്ഞാല്‍ ആളുകള്‍ എന്തുകരുതും
എന്ന വേവലാതികാറ്റ്
ഉടുപ്പിനുള്ളില്‍
വട്ടം ചുറ്റുന്നു.

നോട്ടം വരുന്നുണ്ടോ
എന്നാളുന്നു പാളുന്നു.
കുതറി കുതറി
ഉടഞ്ഞ ഉടുപ്പില്‍
അഴിഞ്ഞ ജടയില്‍
എരിഞ്ഞ കണ്ണില്‍
വന്നു കയറുന്നവളെ
ആള്‍ക്കൂട്ടം പകയോടെ
നോക്കുന്നു.

എനിക്കു വിപരീതം
കൊളുത്തിട്ട ജനല്‍
കതക്
കട്ടില്‍
മേശ
സ്വയമേ ഞെട്ടിതകര്‍ന്ന്
കാട്ടില്‍
പഴയ മരം തന്നെയാവുന്നു.
തടി തേടി ആരും എത്തിയിട്ടില്ല.

പനിച്ചൂളം
അസ്ഥിയില്‍ അവിടവിടെ
ഒരിത്തിരി മഷി പറ്റിയ തരം
ഒരുത്തിയായി
തുണിയേതുമില്ലാതെ
കാഞ്ഞിരമിറങ്ങി വരുന്നു.
ശരീരത്തില്‍ നിന്നും പതിനായിരം
എഴുത്താണികള്‍ വലിച്ചൂരി കൊണ്ടവള്‍
തെറി വിളിക്കുന്നു.
ലാപ്ടോപില്‍ ആഞ്ഞുകൊത്തുന്നു.
മൈരുമൈരുമൈരു ലോകമെന്നു
ജപിച്ച്
ലോകം ചുറ്റുന്നു.

 

പച്ച മഞ്ഞള്‍

 

ഇളം പ്രായത്തില്‍
കടന്നല്‍‍ കുത്തിയപ്പോള്‍
ഒരു തുണ്ട് മഞ്ഞള്‍ ആരോ
മണ്ണോടു കൂടി അരച്ച് വെച്ചു തന്നു.

തോട്ടിറമ്പില്‍
നനച്ചു കുളിക്കുമ്പോള്‍
പച്ച ഇലകളില്‍
കുറെ ദൂരേക്ക്‌ മാറി
നില്‍ക്കുന്നത് കണ്ടു.

മണ്ണ് മാന്തിയെടുത്ത് പള്ള
കീറിയപ്പോള്‍ ചുവന്നു
തുണിയും അയയും ചുവന്നു.
നനവു തട്ടി നിലമാകെ
കിളപൊന്തി വരുന്ന മാസങ്ങളില്‍
കാലുകള്‍ പറമ്പുകളിലേക്കും
മരങ്ങളിലേക്കും നീണ്ടു പോയി
പാഴ്ചെടികള്‍ പിഴുതു മാറ്റി
കണ്ടങ്ങളുടെ അതിരിളക്കിയും
വേലി നൂണ്ടും കാലുകള്‍
കൈക്കോട്ടുചേലില്‍ മണ്ണ് കോരി
പേരറിയാ ചെടികളുടെ വേരറ്റു
വറ്റും പുഴുക്കും അപ്പവും
മേല്‍ പിടിച്ചുചുറ്റിയതിന്‍റെ
കനമേറി മണ്ണില്‍ കുഴിഞ്ഞു
അരയോളം പുതഞ്ഞു കയറിപ്പോന്നു

കിഴങ്ങുകളില്‍ തട്ടി വീണു
എവിടെയും കാലുറയ്ക്കുന്നില്ല
മണ്ണിനടിയില്‍ പൊന്ന് പടര്‍ന്നു
 തലയില്‍ പച്ച ചൂടുന്ന കാലം.

മുടിയില്‍ മല്ലിപ്പൂ ചൂടിയ
മഞ്ഞ മുഖമുള്ള യുവതികള്‍
കിഴക്ക് നിന്നു വരുന്ന ട്രെയിനില്‍
എന്നെ നോക്കി ചിരിക്കുന്നു.

 

ഡ്രസ്സ്‌ കോഡ്

ഉടുക്കുമ്പോള്‍ഉടുക്കുമ്പോള്‍
അഴിഞ്ഞഴിഞ്ഞു വരുന്നഭാഷയുടെ
ആളാണു ഞാന്‍.
ഒരു തുണിയും എത്താത്തവള്‍.
വസ്ത്രവ്യാപാരീ
എന്തെല്ലാം എന്തെല്ലാം
ഉടല്‍ മാതൃകകളില്‍പണിയുന്നു നീ
ഉടുപ്പുകള്‍.
ഉടഞ്ഞ മാതൃകകളോട് നിന്‍റെനൂലുകള്‍
തോറ്റു പൊട്ടുന്നു.
ഞാനുടുക്കുമ്പോള്‍ ഏതളവുംതെറ്റുന്നു.
ഏതു വൃത്തവും നുറുങ്ങുന്നു.
ഏതു വാക്കും
എളുപ്പം എളുപ്പം
ചവര്‍പ്പിലേക്ക് പഴകുന്നു.

ശീലകള്‍ നിന്‍റെ ശീലങ്ങള്‍ മാത്രം.
ശരീരമാണ്
എന്‍റെ ശീലം .

ചോരയാല്‍ സമ്പന്നമാക്കപ്പെട്ട
ഈ നിലം
ആടകളെ കവിഞ്ഞും
തെഴുത്തുതുളുമ്പുന്നു.

ആടയേടുകള്‍
ചീന്തിചീന്തി
മുലയിടിവുകള്‍
ചോര ചതവ് ഭ്രാന്ത്
അയകള്‍ ആനുകാലികങ്ങള്‍
ജയിലുകള്‍ കാണുക.

ഉടുപ്പിക്കുകയെന്നാല്‍
ഞാന്‍ നീ
വേറെ വേറെ വേഷങ്ങള്‍,
വൃത്തത്തിനുള്ളില്‍,
കുളിച്ചൊരുക്കുന്നു
പൂരത്തിന്,
തീര്‍ന്നു കുട്ടിത്തം,
അകം അകലം .

തിരശീലകളല്ല,
എത്ര ചുണ്ടുകള്‍കൂട്ടിതുന്നിയാലാണ്
ഉടലാകെ
ചുംബിക്കാനാവുകയെന്നതാണ്
വിസ്മയം.

 

 

പോക്ക്

ഈ യാത്രയില്‍
സുഹൃത്തുക്കള്‍ക്ക് വീടുകളുള്ള നഗരങ്ങളും
കാമുകന്മാര്‍ക്ക് മുറികളുള്ള കെട്ടിടങ്ങളും
ഒഴിവാക്കുന്നു.

മുറിയെടുക്കുമ്പോള്‍ വിലാസം
ഞാന്‍ കൃത്യമായി എഴുതാറില്ല.
തകര്‍ന്നു പോയ
ഒരു ഗ്രാമത്തിന്‍റെ പേരിലാനെന്‍റെ
സ്ഥിരം എഴുത്ത്.

ഞാന്‍ കോണി കയറി,
കൈവരി ഇളകുന്നല്ലോ.
നോക്കിയിറങ്ങണേ ചേച്ചി,
കൂടെ വന്ന ചെറുക്കന്‍
തിരിച്ചിറങ്ങുമ്പോള്‍ വിളിച്ചുപറഞ്ഞു.

എന്താണ് പേര്
ഞാന്‍ മുറിയിലെ കണ്ണാടിയില്‍ നോക്കി ചോദിച്ചു.
എന്ത് പറയുന്നു പിറകില്‍ നിന്നൊരാള്‍ ചിരിച്ചു.
രാത്രി വാനില്‍ ഒറ്റ നക്ഷത്രം
വെളിച്ചം ഓരിയിടുന്നു
കവി പറഞ്ഞു,

ഞാനത് തൂത്തുകളഞ്ഞ്
താഴെക്കിറങ്ങി,
“ഭക്ഷണമെവിടെ കിട്ടും”.
“മണി രണ്ടായി പെങ്ങളെ,
ഇനി ഒന്നും കിട്ടൂല”
ഹും, ആരനിവന്‍റെ പെങ്ങള്‍
ഞാന്‍ ചൊടിച്ചു.

അടഞ്ഞ നഗരം
എന്തൊരു ദരിദ്ര നഗരം
വീടുകളുള്ള സുഹൃത്തുക്കളെയും
മുറികളുള്ള കാമുകന്മാരെയും തഴഞ്ഞാല്‍
ശേഷിക്കുന്നത് ഇത്തരം ദയനീയ നഗരങ്ങളോ?

ആരോ പിന്‍കഴുത്തില്‍
മുറിയെടുത്തു തങ്ങുന്ന മട്ട്,
ഞാന്‍ കഴുത്ത് വെട്ടിച്ചു കിടന്നു.
വെള്ളമലച്ചു വരുന്ന പോലെ.
എന്താണിപ്പോ ഈ കഴുത്തിന്‌
കാണാനും പറ്റില്ല

കണ്ണാടിയില്‍ നോക്കണോ
മുങ്ങുന്നതിന്റെ ഉലച്ചിലും ആന്തലും
ഞാന്‍ കഴുത്തില്‍ തടവി
ജനലിലൂടെ വെള്ളം
പൊട്ടിവീണ വൈദ്യുത കമ്പികളുടെ മിന്നിച്ച

ആരാണൊലിച്ചു പോവുന്നത്
എന്‍റെ പിന്‍കഴുത്തിലൂടാരോ
നനഞ്ഞോരുടല്‍ വലിച്ചു
ഏയ്‌ ഇതൊരു തൂവലെന്നു ചെവിയിലൊരാള്‍,
ആ ഉടലിലകന്ന ചുണ്ടുകള്‍
മരിപ്പിലാണ്ട് മറ്റെന്തോ പറയുന്നില്ലേ.

പുലര്‍ച്ചെ മടങ്ങുമ്പോള്‍
ഈ മുറിയിലെ ജനല്‍ കൊളുത്ത്
വീഴുന്നില്ല; കാറ്റും വെള്ളവും കൂക്കും,
അത് നന്നാക്കിയാല്‍;
തൂവലും നക്ഷത്രവും ഓരിയും,
ഇനി വരുമ്പോള്‍ഈ മുറി തന്നെ മതി
എന്ന് പറയണം.

എന്‍റെ കൂടെ നേരത്തെ കോണി കയറിയ ചെറുക്കനാണ്.
നോക്കി പോണേ ചേച്ചി, അവന്‍ താക്കോല്‍ വാങ്ങിച്ചു.
എന്നാ നീയും പോരെ, ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ചു. 

 

1994 ജനുവരി 19നു ജനനം. ദേവഗിരി കോളേജ് ( കോഴിക്കോട്), സ്കൂള്‍ ഓഫ് ...