സാറാജോസഫ് അനീതിയുടെ പക്ഷം ചേരുമ്പോള്‍
എഡിറ്റോറിയല്‍
പുറത്താരോ മുട്ടുന്ന ശബ്ദം. അയാള്‍ വേഗം വാതില്‍ തുറന്നു. വെയിറ്റര്‍.
സാബ് ആപ്സേ മില്‍നേക്കേ ഏക് ഔരത്ത് ഖടീഹെ.–കാണാന്‍ ഒരു സ്ത്രീ വന്നിരിക്കുന്നു. നടക്കാന്‍ തുടങ്ങിയപ്പോള്‍ വെയിറ്റര്‍ കൂട്ടിച്ചേര്‍ത്തു: ഏക് ബംഗാളി ഔരത്ത് ഹൈ.
ഒരു ബംഗാളി സ്ത്രീ. അയാള്‍ ബംഗാളി മേംസാഹിബ് എന്നല്ല പറഞ്ഞത്. ഔരത്ത്. രണ്ടിന്റെയും അര്‍ത്ഥം ഒന്നാണെങ്കിലും വെയിറ്ററെ സംബന്ധിച്ചിടത്തോളം ഈ പദങ്ങള്‍ തമ്മില്‍ സമുദ്രങ്ങളുടെ അന്തരമുണ്ട്….
വാസ്തുഹാര എന്ന കഥയുടെ തുടക്കത്തില്‍ മലയാളത്തിനു പുറത്തുള്ള ഒരു വാക്കുകൊണ്ടാണ് സി. വി ശ്രീരാമന്‍ സ്ത്രീപദവിയുടെ രാഷ്ട്രീയത്തിലേയ്ക്ക് മലയാളിവായനയെ നയിച്ചത്. ഗംഭീരമായ ആഖ്യാനങ്ങളുടെ ഉടമയായിരിക്കുമ്പോഴും സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുമ്പോഴും സ്വയം പരസ്യപ്പെടുത്താത്ത, സകലവേദിയും അലങ്കരിക്കാന്‍ ഇറങ്ങിത്തിരിക്കാത്ത, കണ്ടിടത്തൊക്കെ സ്വന്തം പോസ്റ്റര്‍ ഒട്ടിക്കാത്ത, ഉച്ചഭാഷിണി ജീവിതത്തില്‍ ആറാടാത്ത ചിലരെ ഓര്‍മ്മിക്കല്‍ ഇപ്പോള്‍ ഒരാവശ്യമായിരിക്കുന്നു.
ഇച്ചിരി വലിപ്പവ്യത്യാസമുണ്ടെങ്കിലും ഭൂഗോളത്തിന്റെ ആകൃതിയില്‍ തന്നെയാണ് തൃശൂര്‍ വട്ടവും. അവിടെ 1952-ല്‍ ജോസഫ് മുണ്ടശേരി സ്ഥാപിച്ചതാണ് കറന്റ് ബുക്സ്. ഷഷ്ടിപൂര്ത്തി പിന്നിട്ട ഒരു പ്രസാധനശാലയുടെ ചരിത്രമതിനുണ്ട്. പുസ്തകപ്രസാധനം ഒരു സാംസ്കാരിക പ്രവര്‍ത്തനവുമാണ് എന്ന് സുവര്ണജൂബിലി ആഘോഷക്കുറിപ്പില്‍ അവര്‍ രേഖപ്പെടുത്തിയുട്ടുണ്ട്. എന്നാല്‍ ഇന്ന് പുറംമോടിയുള്ള പുസ്തകശാലയ്ക്കുള്ളിലേയ്ക്ക് കയറുന്ന ഒരാള്‍ പുസ്തകങ്ങളുടെ ഒരു ഗുദാമിലെന്നതിനേക്കാള്‍ ഒരു ഗുഹയില്‍ എത്തിപ്പെട്ടതറിയും. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും സാധ്യതയില്ലാത്ത ഈ വ്യാപാരത്തിലും പൂഴ്ത്തിവച്ച പുസ്തകങ്ങള്‍ കാണും. കെട്ടുപൊട്ടിക്കാത്തവയില്‍ നിന്ന് എന്നെരക്ഷിക്കൂ എന്ന നിലവിളി ഉയരുന്നത് കേള്ക്കും. കാര്യങ്ങള്‍ അത്രയ്ക്ക് സാംസ്കാരികമല്ലെന്ന് ഒറ്റ സന്ദര്‍ശനത്തിലറിയും.
1990-ലാണ് തൃശൂര്‍ കറന്റ് സാറാജോസഫിന്റെ പാപത്തറ പ്രസിദ്ധീകരിച്ചത്. തുടര്‍ന്നിങ്ങോട്ട് അവരുടെ നോവലുകളും കഥകളുമായി ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി, ഒതപ്പ്, ആതി, ഊരുകാവല്‍. കാടിത് കണ്ടായോ കാന്താ…… എല്ലാം ഇതേപ്രസാധകരിലൂടെ പുറത്തു വന്നു.മറ്റ് ചില പ്രസാധകര്‍ക്ക് പേരിനൊരു പുസ്തകമുണ്ടെന്ന് മാത്രം.എഴുത്തുകാരും പ്രസാധകരും തമ്മില്‍ കൂടംകൊണ്ടടിച്ചാലും മുറിയാത്ത ബന്ധം രൂപപ്പെടാം. മറ്റ് ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സാറാജോസഫ് തൃശൂര്‍ കറന്റ് ബുക്സിന്റെ ഉടമയാണോ എന്ന സംശയമുയര്‍ത്തുന്നതാണ്. ഉടമയായ പെപ്പിന്‍ തോമസ് മുതുകാടിന്റെ മാന്ത്രികപ്പെട്ടിയില്‍ കയറി മറഞ്ഞതിനാല്‍ സാറാജോസഫ് ഇതെപ്പോള്‍ ഏറ്റെടുത്തു എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.
ശ്രീദേവിയുടെ പരിഭാഷകള്‍
ശ്രീദേവി എസ്. കര്‍ത്ത എന്ന ആംആദ്മി എഴുത്തുകാരിയെ അവര്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നിന്ന് വിലക്കികൊണ്ട് കറന്റ് ബുക്സ് അവരുടേയും കേരളത്തിന്റെയും നാള്‍ വഴിയില്‍ ഒരു ഇരുണ്ട അദ്ധ്യായം എഴുതി. അതിന്റെ കാരണമാകട്ടെ ചടങ്ങില്‍ പങ്കെടുക്കുന്ന ഗുജറാത്തി സന്യാസിസംഘത്തിന് സ്ത്രീസാമീപ്യം ആചാരവിരുദ്ധമാകും എന്നതും! സ്ത്രീ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും അപമാനിക്കപ്പെട്ട ഒരാളെ പിന്നെയും ആക്ഷേപിക്കാനും അപമാനിക്കാനും സാറാജോസഫ് ശ്രമിക്കുകയായിരുന്നു.
ശ്രീദേവിയുടേത് ഒരു ഫെയ്ക് ന്യൂസാണ്. അത് ശ്രീദേവി തന്നെ വിശദീകരിക്കണം. കാലാതീതത്തിന്റെ പ്രകാശനചടങ്ങിലേയ്ക്ക് അവരെ ക്ഷണിച്ചിട്ടില്ല. വിവര്‍ത്തകരെ അങ്ങനെ ക്ഷണിക്കാറില്ല. അത് പ്രസാധകരുടെ ആചാരമാണ്.രണ്ടുവശവും കേള്‍ക്കണം.എന്നുപറഞ്ഞാല്‍ ശ്രീദേവിയെ അല്ല പ്രസാധനശാലയുടെ പക്ഷം കേള്‍ക്കണം. മുതലാളിമാരുടെ സങ്കടങ്ങളും പ്രധാനമാണ്. ഇരുവശവും അറിയല്‍ സാറാജോസഫിന് ബാധകമല്ല. ശ്രീദേവിയോട് സംസാരിച്ചിട്ടില്ല. ആ കുട്ടിയെ വിളിച്ചിട്ട് കിട്ടിയില്ല. പിന്നെ ഫെയ്ക്കാണെന്ന് പറയുന്നതിന്റെ ജനാധിപത്യമരാദ എന്ത് ? കര്‍ത്താവിലും കറന്റിലും എനിക്കു വിശ്വാസമാണ്. മറ്റൊരാള്‍ അദ്ധ്വാനിച്ച കൃതി അവരെ അപമാനിച്ചുകൊണ്ട് പ്രകാശിപ്പിക്കുമ്പോള്‍ അതേറ്റുവാങ്ങാന്‍ ചെന്നിരിക്കാന്‍ ഒരു സങ്കോചവുമില്ലേ? എം. ടി.യാണത്പ്രകാശിപ്പിക്കുന്നത്. എന്നിട്ട് എം.ടിയെ കണ്ടില്ലല്ലോ? പ്രകാശനം മാറ്റി വച്ചു. അതില്‍ പ്രസാധകരെ അഭിനന്ദിക്കണം. അവിടെ കലാപം ഊണ്ടാകുമായിരുന്നു! എന്തു കലാപം ?…
ഇടയ്ക്ക് അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന് സാറാജോസഫ് പറഞ്ഞോ ? സംശയമുണ്ട്… അത്രയ്ക്ക് അസംബന്ധവും ജനാധിപത്യവിരുദ്ധവും അനീതിയുടെ പക്ഷം ചേര്‍ന്നതുമാണ് അവരുടെ വാദങ്ങള്‍.ശരിയ്ക്കും ഒരു സ്ഥാപനമുതലാളിയുടേത്.മുതലാളല്‍ ഒരു പാപമല്ല.മലയാളത്തിന്റെ ഒരു മഹാകവി ഓട്ടുകമ്പനി മുതലാളിയായിരുന്നു. പുസ്തകം മാത്രമല്ല, കള്ളോ, മുളകോ, പച്ചക്കറിയോ സൊകര്യം പോലെ കച്ചവടമേതുമാകാം. ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടെങ്കില്‍ നല്ലത്. പ്രസാധനശാലകളുടേയോ, എഴുത്തുകാരുടേയോ പോയകാലപ്പെരുമ പറഞ്ഞ് അവരുടെ അഹന്തകളേയും ധാര്‍ഷ്ട്യങ്ങളേയും അവസരവാദങ്ങളേയും ന്യായീകരിക്കാനാവില്ല. കുറേക്കൂടി പിന്നായത്തില്‍ ഇതേ ഭൂതകാലക്കുളിരിലേയ്ക്കാണ് ഹിന്ദുത്വയുടെ പുതിയസ്വാഗതകമാനം ഉയരുന്നത്.
ഇത് യാദൃശ്ചികമായുണ്ടായ സംഭവപരമ്പരയാണെന്ന് പരിസരബോധമുള്ള ഒരാള്‍ക്കും വിശ്വസിക്കാനാവില്ല. ഗുജറാത്തി സന്യാസി സംഘത്തിലെ, പ്രമുഖ് സ്വാമി മഹാരാജുമായി എ. പി ജെ അബ്ദുല്കലാമിനുണ്ടായ ആത്മീയബന്ധത്തിന്റെ ആഖ്യാനമാണ് കാലാതീതം. മതത്തിനും ആത്മീയതയ്ക്കും യുക്തിയും സെന്‍സും ആവശ്യമില്ലാത്തതുകൊണ്ട് കലാമിന്റെ അതീന്ദ്രിയാനുഭവത്തെ, ഗുരുസാഗരത്തെ, മറ്റുപലരുടേതുമെന്ന പോലെ വ്യക്തിയുടെ പരാധീനതകളറിഞ്ഞ് കാലത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുക. എന്നാലിതിനെ ഒരുചരിത്രപുസ്തകമാക്കി അവതരിപ്പിച്ചും ഘോഷിച്ചും പ്രത്യേക അജണ്ടയുടെ കരുക്കളിലൊന്നാക്കി മാറ്റി. നിരവധി ഇന്ത്യന്‍
ഭാഷകളിലേയ്ക്ക് ഒരേസമയം വിവര്ത്തനമാരംഭിച്ചത് പുതിയ സാംസ്കാരിക ഉപകരണങ്ങളുടെ നിര്‍മ്മിതി എന്ന നിലയിലാണ്.മുണ്ടശേരിയുടെ പിന്മുറക്കാരും ഇതില്‍ പങ്കെടുക്കുന്നു. മിലന്‍ കുന്ദേരയുടെയും യസുനറി കവാബത്തയുടെയും അടക്കം നിരവധി കൃതികള്‍ പരിഭാഷപ്പേടുത്തിയിട്ടുള്ള ശ്രീദേവിയ്ക്കും ഈ വലിയ കളത്തിലേയ്ക്ക് കണ്ണെത്തിയില്ല എന്നത് ഒരു ജാഗ്രതക്കുറവ് തന്നെ. അവര്‍ അതേല്‍ക്കുകയും ചെയ്യുന്നു.
നാം പൊതുതാത്പ്പര്യത്തിന്റെ പതാക ഏന്തും. അതിന്റെ വക്താക്കളും പോരാളികളുമാകും.എന്നാല്‍ ഈപൊതുതാത്പ്പര്യം വ്യക്തിതാത്പ്പര്യവുമായി ഉരസുമ്പോള്‍, സംഘര്ഷത്തിലാവുമ്പോള്‍ ചിലര്‍ നിശബ്ദരാകും. ചിലര്‍ കൂറുമാറും.സ്ത്രീപക്ഷ എഴുത്തും നിലപാടുകളും ദീര്‍ഘമായ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമുള്ള സാറാജോസഫ് അവ കയ്യൊഴിയുന്നു. നിലപാടുള്ളവര്‍ വെടിയേറ്റു മരിക്കുന്ന കാലത്ത് ചിലര്‍ സ്വന്തം കഥ കഴിക്കുന്നു.
അനീതിയും അഴിമതിയും സമഗ്രാധിപത്യശ്രമങ്ങളും കൊടിയ പക്ഷപാതങ്ങളും, ഭരണകൂടത്തിലും രാഷ്ട്രീയനേതൃത്വത്തിലും ഒതുങ്ങുന്ന ഒന്നല്ല. അതിന് പിന്ബലമാകുന്ന ഒരു സാമൂഹിക സാംസ്കാരിക തലം നമ്മിലോരുരുത്തരിലും നാള്‍ക്കുനാള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
കലയ്ക്കും സാഹിത്യത്തിനും നിത്യമായ പ്രതിപക്ഷ സ്വരവും സ്ഥാനവുമാണെങ്കിലും നമ്മുടെ ഒറ്റുകാര്‍ നമ്മുടെ ഉള്ളില്‍തന്നെ പാര്‍ക്കുന്നു.