White Crow Art Daily

സുഗതയോട് സഹതപിക്കുന്ന കറുത്ത ചെട്ടിച്ചികള്‍

ദേശം-  ദേശാന്തരം / സര്‍ജു

ലോകജനതയില്‍  അറുപതു ശതമാനത്തോളമാണ് ഏഷ്യക്കാര്‍. ലോകത്തിലെ മൂന്നിലൊന്നാളുകള്‍ ഇന്ത്യയിലും ചൈനയിലുമായി താമസിക്കുന്നു. മറ്റേതൊരു ഭൂഖണ്ഡത്തില്‍ അധിവസിക്കുന്നതിനേക്കാള്‍ മനുഷ്യരുണ്ട് നമ്മുടെ രാജ്യത്ത്. ജനങ്ങളുടെ എണ്ണം ഒരു ബാധ്യതയായി  കാണുന്ന രീതി കാലഹരണപ്പെട്ടു. അതിനെ ഒരു സാധ്യത എന്ന നിലയിലാണ് സമീപിക്കുന്നത്.ഇന്ത്യയില്‍ വിദ്യാഭ്യാസ വകുപ്പ്  മാനവവിഭവശേഷി വികസന വകുപ്പായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടായി.

പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധം, ആഭ്യന്തരകലാപങ്ങള്‍, കോളനിവിരുദ്ധ സമരങ്ങളെ തുടര്‍ന്ന് പുതിയ രാഷ്ട്രങ്ങളുടെ രൂപീകരണം,  ഉഭയ സമ്മതത്തോടെ രാജ്യങ്ങളുടെ  അതിര്‍ത്തി പുനര്‍നിര്‍ണയിക്കല്‍, കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, വര്‍ഗീയ/ വംശീയ കലാപങ്ങള്‍, ഇവമൂലമുണ്ടാകുന്ന അഭയാര്‍ത്ഥി പ്രവാഹങ്ങള്‍… ഇതിന്റെ കാരണങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമാണ്. അതില്‍പെട്ടു പോകുന്ന മനുഷ്യര്‍ ഇരകളും. എന്നാല്‍ ആളുകള്‍  ജീവിതത്തിന്റെ ഇടങ്ങള്‍ മാറുന്നതെപ്പോഴും പെരുംപ്രവാഹത്തില്‍ പെട്ടവരായിട്ടല്ല. കലങ്ങി ഒഴുകല്‍ ഒരു ഋതുമാത്രം.ഒഴുക്കേ ഇല്ലെന്ന് തോന്നുന്ന മറ്റ് ഋതുക്കളുമുണ്ട്. വിദ്യാഭ്യാസം,വ്യാപാരം, വിനോദം, തീര്‍ത്ഥാടനം, സാംസ്കാരിക വിനിമയം, നയതന്ത്രം, എന്നുമാത്രമല്ല കുടുംബാംഗങ്ങളുടെ കൂടിച്ചേരലുകള്‍ എന്ന നിലയ്ക്ക് പോലും ദേശാന്തരയാത്രകളും ഹ്രസ്വമോ ദീര്‍ഘമോ ആയ വിദേശജീവിതവുമുണ്ട്.

PIC FROM MERCuRY PRESS/CATERS NEWS(PICTURED: MILLIONS OF CRABS MIGRATE ON CHRISTMAS ISLAND)This is the spectacular moment millions of red crabs on Christmas Island began their migration to breed more of the fire-coloured creatures. A sea of red sways across the Australian Island from the forests to the Indian Ocean where the crustaceans will mate. It is an incredible sight that attracts thousands of islanders to see the phenomenon which lasts several weeks to and from their breeding ground and habitat. IT specialist and amateur photographer Gary Tindale, 53, from Perth, captured the start of the migration two weeks ago and saw the crabs just pour out of the jungle and take over. SEE MERCORY COPY

Crab Migration

ഒരു വ്യക്തിയുടെ ജീവിതത്തില്‍  മറ്റൊരു പ്രദേശത്തിന്റെയോ ദേശത്തിന്റെയോ സാന്നിദ്ധ്യം അയാളുടെ തൊഴില്‍ ജീവിതവുമായി ബന്ധപ്പെട്ടു വരുന്നതാണെന്ന കാഴ്ചപ്പാട് വിഭാഗീയമാണ്.ഒരാളുടെ ജിവീതത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും ഉത്തരാര്‍ദ്ധത്തിലും, അതായത് വ്യക്തി രൂപപ്പെടുന്ന ഘട്ടത്തിലും അതിനുശേഷവും ഭിന്നദേശങ്ങളിലെ  ജീവിതവും അതിന്റെ സ്വാധീനവും ഉണ്ടാകാം.സവിശേഷമായ കാര്യം ഈ പ്രദേശങ്ങളും ദേശങ്ങളുംതന്നെ മാറി മറിയുന്നുവെന്നതാണ്.

സുഗതകുമാരി 1934 –ല്‍ കേരളത്തില്‍ ജനിച്ചു എന്നു പറഞ്ഞാല്‍ അത് വസ്തുതയല്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ ആറന്മുളയില്‍ ജനിച്ചു. ഇന്ത്യ സ്വതന്ത്രമയി 1950-ല്‍ പരാമധികാര റിപ്പബ്ലിക്കായി. അപ്പോഴോ? സുഗതകുമാരി തിരുക്കൊച്ചി സംസ്ഥാനത്ത് ജീവിച്ചു എന്നതാണ് വസ്തുത. ഇന്നത്തെ കേരളത്തിനുകുറുകേ കൊച്ചീസീമയില്‍  അതിര്‍ത്തി ചെക്പോസ്റ്റുണ്ടായിരുന്നു. മദ്രാസ്  സംസ്ഥാനത്തും തിരുക്കൊച്ചിയിലുമായി വിഭജിക്കപ്പെട്ടിരുന്ന മലയാളികള്‍ പരസ്പരം അന്യസംസ്ഥാനക്കാരെന്ന് വിളിച്ചിരുന്നോ? വള്ളത്തോള്‍ മദ്രാസിലെ മഹാകവി ആയിരുന്നോ ? ലോകം മുഴുവന്‍ അലഞ്ഞുനടക്കുന്ന മലയാളികളുടെ, തലതൊട്ടപ്പനായ കവി കുഞ്ഞിരാമന്‍ നായര്‍ മദ്രാസിലെ കവി ആയിരുന്നോ? ഇ. എം. എസ്സും എ .കെ.ജിയും  അക്കാലത്ത് തിരുക്കൊച്ചിക്കാര്‍ക്ക് അന്യ സംസ്ഥാന നേതാക്കളായിരുന്നോ ?

കോളജിലൊക്കെപോയി തത്വചിന്ത പഠിച്ച ഒരാളല്ല ഇടശ്ശേരി.മദ്രാസ് സംസ്ഥാനത്തിലെ പൊന്നാനിക്കാരനായ ഒരു നാട്ടുകാരണവര്‍. വക്കീല്‍ ഗുമസ്ഥനായി ഉപജീവനം കഴിച്ച ഒരാള്‍.1951-ല്‍ എഴുതിയ കവിത  കറുത്ത ചെട്ടിച്ചികള്‍  ഇപ്പോഴത്തെ സംവാദത്തിലേയ്ക്ക് വന്നുകയറുന്നത് വിഭാഗീയതയുടെ മുഖത്തേയ്ക്ക്  ചുറ്റികചുഴറ്റിക്കൊണ്ടാണ്.

വഴിക്കിരുപുറം ഏറെദൂരം  നിരന്നിരുന്ന് കൊത്തുവേലചെയ്യുന്ന തമിഴ് ശില്‍പ്പികളും ആ സംഘവേല തീര്‍ക്കുന്ന സിംഫണിയും മഹാബലിപുരം കണ്ടിട്ടുള്ള ഏതൊരാളുടെ മനസിലുമുണ്ടാകും. മഹാബലിപുരത്തെന്നല്ല ഒരു പുരത്തിലും ഇരിപ്പുറയ്ക്കാത്തവര്‍ മാറാപ്പില്‍ കുഞ്ഞും കൊത്തുളിയും ചുറ്റികയുമായി അതിരുകടക്കും. ആ യാത്രയിലവര്‍ നമ്മുടെ അടുക്കളയില്‍ കയറിനിന്ന് അമ്മിയിലും കുഴവിയിലും തമിഴ് ജീവിതം കൊത്തിയിട്ടുണ്ടാകും..ആ താളം മുറിച്ച് ആയുസിനപ്പുറത്തു നിന്ന് ഇപ്പോള്‍ ഇടശ്ശേരിയുടെ ശബ്ദം.

മലകല്‍ക്ക് മീതെ പൊന്തുന്ന മേഘം, വീശുന്ന കാറ്റ്, പറമ്പില്‍ വന്നു വീഴുന്ന മഴ…അതിരുകടക്കുന്നതെന്തിന്? ഭാഷാവിദ്വേഷങ്ങള്‍ക്കു കുറുകേയുള്ള സ്ത്രീസഞ്ചാരമായിരുന്നു കറുത്ത ചെട്ടിച്ചികള്‍. ആരായിരുന്നു അവര്‍ ? മാറാപ്പില്‍ കുപ്പിവളകളും ചാന്തുസിന്ദൂരവും ചീര്‍പ്പുകണ്ണാടിയുമായി ചുരം കടന്നുവന്ന തമിഴ് കച്ചവടക്കാരികള്‍, തെക്കോട്ടുനീളുമ്പോള്‍  മാറാപ്പില്‍ കുഞ്ഞുങ്ങളുമായി  പാറകൊത്താന്‍ വന്നിരുന്ന തൊഴിലാളിസ്ത്രീകള്‍,  അതിര്‍ത്തി കടന്നു വന്നുപൊയ്ക്കൊണ്ടിരുന്ന ഇതരദേശജീവിതങ്ങളുടെ കാവ്യരേഖയായിരുന്നു  കറുത്തചെട്ടിച്ചികള്‍. അത്തരത്തിലുള്ള  ആദ്യമലയാള കവിത. അതിനെ ഇടശ്ശേരി ഇങ്ങനെ കൊത്തി വച്ചു –

ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍…

pacific-salmon

Salmon Migration

ഓരോ നക്ഷത്രത്തിനും സ്വന്തമായ തമോഗര്‍ത്തമുണ്ട് , എന്ന തലക്കെട്ടില്‍ മാതൃഭൂമി ഓണപ്പതിപ്പില്‍  ഒ.പി. സുരേഷുമായുള്ള സംഭാഷണത്തില്‍ സുഗതകുമാരി ഇങ്ങനെ പറയുന്നു.  “ഞാനെന്തെങ്കിലും ബുദ്ധിപരമായി ആലോചിച്ചല്ല ഇതൊന്നും ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ഇതെല്ലാം വൈകാരികമാണ്. എനിക്ക് മനസ് നൊന്തിട്ടാണ് ഞാന്‍ കാടെന്നും മരമെന്നും പറഞ്ഞു നടക്കുന്നത്. മനസ് നൊന്തിട്ടാണ് കവിത എഴുതുന്നത്. മനസ് നൊന്തിട്ടാണ് ഈ പെണ്‍കുട്ടികളുടെ കാര്യമെന്നും പറഞ്ഞ് ഓടിനടക്കുന്നത്. അല്ലാതെ ഒന്നും ആലോചിച്ചുറപ്പിച്ചിട്ടല്ല. ”( പേജ് -206 ).

കവിത വൈകാരിക പ്രതികരണമോ പ്രവാഹമോ ആയിക്കോട്ടെ. അങ്ങനെയാണെന്ന് പതിനെട്ടാം നൂറ്റാണ്ടിലെ കവി പറഞ്ഞിട്ടുണ്ട്.  അതിനിടയ്ക്കുള്ള  രണ്ടുന്നൂറ്റാണ്ട്കൂടി പരിഗണിക്കുന്നവര്‍ക്ക് കലാസാഹിത്യം ബൌദ്ധിക പ്രവര്‍ത്തനമാണ്. വികാരപ്രകടനം
നടീനടന്മാരുടെ പണിയും.  അതു തന്നെയും പഴയമട്ടില്‍ അത്രയ്ക്ക് വേണ്ടെന്ന് ഇന്നത്തെ നാടക , ചലച്ചിത്ര സംവിധായകര്‍ നിയന്ത്രിക്കുന്നുണ്ട്. വിചാരവ്യക്തതയില്ലാതെ സാമൂഹിക ശാസ്ത്രവിഷയങ്ങളെ സമീപിക്കുന്നത് സാഹസികമാണ്.

പെരുമ്പാവൂരിന്റെ നിഷ്കളങ്കത നഷ്ടമായതിന്റെ സങ്കടം പെരുമ്പാവൂരുകാരിയായ ലീലാമേനോന്‍  സുഗതകുമാരിയോട് പറഞ്ഞു. അവരത്  കേട്ടിരുന്നു. ഇതാണ് ജന്മഭൂമിയിലുള്ളതെന്ന് ലീലാമേനോന്‍ വിശദീകരിക്കുന്നു.ഉണ്ടായ വിവാദത്തിന് / സംവാദത്തിന് തിരുത്തും വിശദീകരണവുമായി  സുഗതകുമാരി മാതൃഭൂമിയില്‍ എഴുതിയത് (ഇതെന്റെ ഭാഷയല്ല ) വായിച്ചപ്പോള്‍ പക്ഷികളുടെ ദേശാടനപ്പാത മായ്ക്കാന്‍ ടീച്ചര്‍ കൈവീശുന്നപോലെ തോന്നി.

dragonfly-migration

Dragonfly Migration Tracking

കവിതയിലെ വാക്കുകള്‍ കൃത്യമായിരിക്കണം. അത് ഫോണ്‍നമ്പരിലെ അക്കങ്ങള്‍ പോലെയാണ്.  ഒരക്കം തെറ്റിയാല്‍ മറുതലയ്ക്കല്‍ മറ്റൊരാളായിരിക്കുമെന്ന് കെ.ജി. ശങ്കരപ്പിള്ള പറഞ്ഞിട്ടുണ്ട്. വാക്കുകള്‍ അവിടെ നില്‍ക്കട്ടെ. സ്ഥിതിവിവരക്കണക്കെന്ന നിലയില്‍ അവതരിപ്പിച്ച രണ്ടുകാര്യങ്ങള്‍ സുഗതകുമാരിയുടെ കുറിപ്പിലുണ്ട്. ആദ്യത്തേതിങ്ങനെ ; കേരളമെന്നാൽ ഒരു തീരേ ചെറിയ സംസ്ഥാനമാണ്‌. ലക്ഷോപലക്ഷം തൊഴിലാളികൾ, വൈകാതെ അവരുടെ എണ്ണം 50 ലക്ഷമാകുമെന്ന്‌ ഞാൻ വായിച്ചു.-  ഇന്ത്യ ഗവണ്മെന്റിന്റെ സെന്‍സസുകളിലോ,   അതിലെ കണക്കുകള്‍  അധികരിച്ചുള്ള പഠനങ്ങളിലോ  രാജ്യത്തെ സംസ്ഥാനാന്തരകുടിയേറ്റം കാര്യമായി വര്‍ദ്ധിക്കുന്നതിന്റെ തെളിവുകളില്ല. എന്നാല്‍ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വിപുലമായ സാന്നിദ്ധ്യമുണ്ട്. ചില ഇടങ്ങളിലിത് വളരെ പ്രകടവുമാണ്. പക്ഷേ എല്ലാ ഊരും പെരുമ്പാവൂരല്ല.

കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു സെന്‍സസ് എടുത്തിട്ടില്ല. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടോ എന്ന് സുഗതകുമാരി ചോദിക്കുന്നുണ്ട്. അപ്പോള്‍ ഈ 50 ലക്ഷം ആരുടെ കണക്കാണ് ? അതും വൈകാതെ  ആകുമെന്ന പ്രവചനമാണ് ! ആരുടെ പ്രവചനം ? ഞാനങ്ങനെ വായിച്ചു എന്നാണ് പറഞ്ഞിട്ടുള്‍ളത് ! വായിച്ചതു മുഴുവന്‍ വസ്തുതയാണെന്ന് ധരിച്ച് വിളിച്ചുപറയുന്ന ശീലം സാധാരണ മലയാളിക്കുപോലും ഇല്ല. ഓഡിറ്റ്ബ്യൂറോയുടെ കണക്കുകളനുസരിച്ച് മൊത്തം ഹിന്ദി പത്രങ്ങളുടെ സര്‍ക്കുലേഷന്റെ നാലിലൊന്ന് വരും മലയാള പത്രങ്ങളുടെ സര്‍ക്കുലേഷന്‍. മനോരമയുടേതും മാതൃഭൂമിയുടേതും കൂട്ടിയാല്‍  ഏറ്റവും മുന്തിയ പ്രചാരമുള്ള ഹിന്ദി പത്രത്തിനൊപ്പം വരും. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ  41%  ആണ് . മലയാളികളാകട്ടെ 3 % വും. ഹിന്ദിയിലേതടക്കം ആനുകാലികങ്ങളെടുത്താല്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള  മാഗസിനും മലയാളത്തിന്റേതാണ്. വായനക്കപ്പുറം വായനയിലെ ത്യാജഗ്രാഹ്യബുദ്ധി വിശേഷപ്പെട്ട ഒന്നാണ് മലയാളിക്ക്.

രണ്ടാമത്തെ കണക്ക് കേരളത്തില്‍ 15 ലക്ഷം വസതികള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നാണ്. 2011-ലെ ദേശീയ സെന്‍സസില്‍ Total number of vacant census houses എന്ന ഗണത്തില്‍ ഏകദേശം 12 ലക്ഷം കെട്ടിടങ്ങളുണ്ട്. (11,89, 144 ). എന്നാല്‍ ഇതില്‍ എത്ര കെട്ടിടങ്ങള്‍ വസതികളാണെന്നതിനോ, ഉപയോഗ യോഗ്യമായവ എത്ര എന്നതിനോ കണക്കുകളില്ല. Total number of occupied census houses ഒരുകോടി ഇരുപത്തെട്ടായിരമാണ്. (100,28,709 ). ഇതാകട്ടെ സ്കൂളുകളും കോളേജുകളും, കച്ചവടസ്ഥാപനങ്ങളും ഓഫീസുകളം, ആശുപത്രികളും ആരാധനാലയങ്ങളും  ഹോട്ടലുകളും തൊഴില്‍ശാലകളും ഉള്‍പ്പെടെയാണ്. Total number of census houses used as residence – 76,58,685, അതായത് വസതികളുടെ കണക്കു വരുമ്പോള്‍  ഒരു കോടിയില്‍ നിന്ന് 23% കുറവ്. ഇവിടെ houses എന്ന പദമല്ല, residence എന്ന പദമാണ്  വസതിയെ സൂചിപ്പിക്കുന്നത്. നല്ലത് എന്ന ഗണത്തില്‍ 51 ലക്ഷവും , താമസിക്കാവുന്നത് എന്ന വിഭാഗത്തില്‍ 21 ലക്ഷവും ഇടിഞ്ഞുപൊളിഞ്ഞത് എന്ന ഗണത്തില്‍ 4 ലക്ഷവും വസതികളുണ്ട്.

monarch

ഇതിങ്ങനെ വിശദീകരിക്കുന്നതിന്റെ കാരണം ഈ 15 ലക്ഷത്തിന്റെ കണക്ക് സുഗതകുമാരി ഇതിന് മുമ്പും പറഞ്ഞിട്ടുള്ളതു കൊണ്ടാണ്. കേരളത്തില്‍ പ്രവാസികളുടെ 15 ലക്ഷം വീടുകള്‍  പൂട്ടിയിട്ടിരിക്കുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍!ഈ വിവരത്തിന്റെ ഉറവിടമെന്താണ്? എത്രമലയാളികള്‍ പുറത്തുണ്ട് എന്ന് തിട്ടമില്ലാത്ത കേരള സര്‍ക്കാര്‍ അവരുടെ വീടെണ്ണിയോ ?

ഇത്രയേറെ വസതികള്‍ പൂട്ടിക്കിടക്കുമ്പോള്‍  ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണോ എന്നാണ് സുഗതകുമാരിയുടെ ചോദ്യം. കെട്ടിടം പണി അല്ലാതെ ഇതര സംസ്ഥാനക്കാര്‍ എന്തു പണിയാണ് ചെയ്യുന്നത് ? ഇനി നിര്‍മ്മിക്കണമെങ്കില്‍ തന്നെ ഇതിനൊക്കെ വേണ്ട പാറയെവിടെ ? കല്ലെവിടെ? മണലെവിടെ ? മരമെവിടെ ? സര്‍വ്വോപരി മണ്ണെവിടെ ?

മണ്ണും മണലിനും അര്‍ഹതയില്ലാത്തതുകൊണ്ടാകും മേല്‍ സൂചിപ്പിച്ച സെന്‍സസില്‍  പോളിത്തീന്‍- പ്ലാസ്റ്റിക് ചുമരുള്ള വീടുകളുടെ എണ്ണം  52,775 ആണ്. പോളിത്തീന്‍- പ്ലാസ്റ്റിക് മേല്‍ക്കൂരയുള്ള വീടുകള്‍  71,707 ആണ്‍.  ജിഷയുടേതുപോലുള്ള ഒരു മുറിപോലുമില്ലാത്ത വീടുകള്‍ 83,843 ആണ്. ഒറ്റമുറി വീടുകള്‍ അഞ്ചു ലക്ഷത്തി അറുപത്തൊന്നായിരമാണ്.കേരളത്തില്‍ വാടകവീടുകളില്‍ താമസിക്കുന്നവര്‍  അഞ്ചുലക്ഷത്തി അറുപത്തി മൂവായിരമാണ്. ഒന്നര ലക്ഷം കുടുംബങ്ങള്‍ പുറമ്പോക്കിലും.

2016-ലെ കേരള പ്ലാനിംഗ് ബോര്‍ഡ് സര്‍വേ പ്രകാരം കേരളത്തില്‍ 12 ലക്ഷം കുടുംബങ്ങള്‍ സ്വന്തമായി വീടില്ലാത്തവരായുണ്ട്. ആദിവാസികളുടെ,ദളിതരുടെ, കടലോരത്തു ജീവിക്കുന്നവരുടെ, തോട്ടം തൊഴിലാളികളുടെ ഇപ്പോഴുള്ള വസതികളില്‍ ജീവിതയോഗ്യമായവ നന്നേ കുറവ്. പുതിയ സര്‍ക്കാര്‍ ജനകീയ പങ്കാളിത്തത്തോടെ 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന  ഒരു സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതി ആവിഷ്കരിക്കുകയും മുഖ്യമന്ത്രി അത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, സ്വന്തം ഭൂമിയുണ്ട് എന്നാല്‍ വീടില്ലാത്തവര്‍, സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം സഹായങ്ങള്‍ ലഭിക്കുകയും വീടുനിര്‍മ്മാണം അപൂര്‍ണമയി കിടക്കുകയും ചെയ്യുന്നവര്‍, ഏറ്റവും അടിത്തട്ടില്‍ വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ ജീവിതം കഴിക്കുന്നവര്‍… ഇങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി  25 ലക്ഷം വീടുകളെങ്കിലും നിര്‍മ്മിക്കേണ്ടിവരും 2021- ല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍.

ഇക്കാര്യത്തില്‍ ലക്ഷ്യത്തിലേയ്ക്കടുക്കാനായാല്‍ പോലും അത് സൃഷ്ടിക്കുന്ന സാമൂഹിക മാറ്റം വലുതായിരിക്കും. കേരളീയ യാഥാര്‍ഥ്യം ഇതായിരിക്കെ ഇവിടിനി ഒന്നും നിര്‍മ്മിക്കേണ്ടതില്ലെന്ന് പറയാന്‍ ഭൂമി മലയാളത്തില്‍ സുഗതകുമാരിക്കേ കഴിയൂ. ജിഷയുടെ മരണം തൊട്ട് ഒപ്പാരിയിടുമ്പോഴും അവളുടേയും അവളെപ്പോലുള്ളവരുടേയും ജീവിതങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നു.

birds

മറ്റൊന്നുമില്ലെങ്കിലും നന്ദി എന്നൊരു വാക്ക്‌ നമുക്കുണ്ടായിരിക്കണം. ലോകം മുഴുവനും അലഞ്ഞുനടന്ന്‌ പണിയെടുക്കുന്നവനാണ്‌ മലയാളി…സുഗതകുമാരിയുടെ ഈ വാചകത്തിലുള്ളത്  അതിലളിതമായ വിചാരതലമാണ്. കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് മലയാളിയുടെ നന്ദിപ്രകടനമോ ഉപകാരസ്മരണയോ ആവശ്യമില്ല. ഇത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്തൃവും അവകാശവുമാണ്. ഈ പ്രതിഭാസമില്ലാത്ത രാജ്യങ്ങളോ, ഭാഷാസമൂഹങ്ങളോ ലോകത്തില്ല. അതിന്റെ തോതില്‍, സാന്ദ്രതയിലുള്ള വ്യത്യാസമേയുള്ളൂ. മൂന്നു തരത്തിലാണ് ഇന്ത്യയിലുള്ള കുടിയേറ്റം. ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേയ്ക്ക് -പലപ്പോഴും ജില്ല കടന്നുള്ളത്. സംസ്ഥാനങ്ങള്‍ കടന്നുള്ളത്. രാജ്യത്തിന് പുറത്തേയ്ക്കുള്ളത്. ഇന്ത്യക്കാരില്‍ നാലില്‍ ഒരാള്‍ ഈ വിഭാഗത്തിലാണ്. 30 കോടി മനുഷ്യര്‍…  When a person is enumerated in census at a different place than his / her place of birth, she / he is considered a migrant. ഇതൊരു മാനദണ്ഡമാണ്. സുഗതകുമാരിയും കുടിയേറിയ ഒരാള്‍ തന്നെ.

http://www.censusindia.gov.in/2011census/hlo/Data_sheet/Kerala/Figures_Glance_Kerala.pdf

 

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.