White Crow Art Daily

സുജീഷിന്റെ കവിതകൾ

അഴിമുഖം

എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ.

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻപാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽകഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും. 

വാക്കുകൾ

ദേശാടനക്കിളികൾ
വന്നതെവിടെനിന്നോ അവിടേക്ക്
തിരികെ പോകുന്നു, ഇപ്പോൾ
എന്റെ ഭാഷയിലെ വാക്കുകളും.

പലതരം കിളിത്തൂവലുകൾ
പെറുക്കിക്കൂട്ടി ചിറകുണ്ടാക്കിയിരുന്ന
കുട്ടിയായിരുന്നു ഞാൻ.

കണ്ടുകിട്ടുന്ന വാക്കുകൾ കൂട്ടിത്തുന്നി
ഞാനെന്നെ ആവിഷ്ക്കരിക്കുകയാണ്,
അതിന്റെ ഇഴകൾക്കിടയിലെ
വിടവിലൂടെ നോക്കുമ്പോൾ—

നിങ്ങൾ
ഭാഷയെത്താത്തൊരു
കുഞ്ഞിനെ കാണുന്നു. 

 

സുജീഷ്: 1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. ‘വെയിൽ’, 'നിഴൽ' ...