സ്ത്രീകള്‍ ഭാവിയോട് സംസാരിക്കുമ്പോള്‍
no images were found
മറ എന്നു പറയുമ്പോള്‍ , മതില്‍ എന്നു പറയുമ്പോള്‍ , ആവാക്കുകള്‍ക്കൊപ്പം ഒരു വിരാമം വരും. കല അതിന്നപ്പുറമെന്തെന്ന് തെരയും. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ നാസറിന്റെ ചിത്രങ്ങള്‍ അത്തരമൊരു അന്വേഷണം കൂടിയാണ്. കാശ്മീര്‍, രാജസ്ഥാന്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഈ പടങ്ങള്‍ ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ നിശ്ചല ഡോക്യുമെന്ററിയുമാണ്.
എന്നാലിത് ഒറ്റ നിമിഷത്തില്‍ പല പ്രവൃത്തികളില്‍ മുഴുകാനുള്ള അസാധാരണമായ ഊര്‍ജ്ജത്തെ, കരുത്തിനെ ആവിഷ്കരിക്കുന്നുണ്ട്. ചിലര്‍ താഴ് വരയില്‍ വീശാനിടയുളള ഒരുശിരന്‍ കാറ്റിനെ ആവാഹിച്ചിരിക്കുന്നു. വെറുതെ എന്ന് തോന്നുന്ന ഒരിരുപ്പിനെ ജാഗ്രതയാക്കിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് ചിലപ്പോള്‍ മറഞ്ഞു നില്‍ക്കുന്നു എന്ന ചോദ്യത്തില്‍ അവരുടെ ഭയത്തെ സംശയം എന്ന് തിരുത്തിയിരിക്കുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ മടിത്തട്ട് എന്ന വാക്ക് വല്ലാത്ത വിസ്തൃതിയോടെ വരുന്നു. മറ്റൊരിടത്ത് അത് ഉറക്കുതൊട്ടിലാകുന്നു.ഉറപ്പാര്‍ന്ന ഭാവങ്ങളാകുന്നു. ഒരു ക്യാന്‍വാസിലും കൊള്ളാത്ത നിറങ്ങളാകുന്നു. എല്ലാ പതാകകളും അവര്‍ വാരിച്ചുറ്റിയിരിക്കുന്നു.
മറിച്ച് ഈ ചിത്രങ്ങള്‍ അമ്മയെ കുഞ്ഞിലും കുഞ്ഞിനെ അമ്മയിലും ഉറപ്പിച്ചിരിക്കുന്നു എന്ന് തോന്നാം. ചിലര്‍ ഊണിന്റെയും ഊട്ടലിന്റെയും ഒരു തുടര്‍ച്ചകാണും. സ്നേഹത്തിന്റെ ദിശമാറാത്ത നദികളില്‍ നനയുന്നവരുമുണ്ടാകും.എന്നാല്‍ ഇങ്ങനെ മാത്രമോ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത് , സംസാരിക്കുന്നത് ? കല ഒരു ബഹുഭാഷയാകയാല്‍ അത് ഇതാണ് എന്ന് ഇനിയുള്ള കാലം ഒരാളും ഉറപ്പിക്കുകയില്ല. അത് ലോകത്തെ സംവിധാനം ചെയ്യുന്നുണ്ടോ ? അല്ലെങ്കിലത് കലാന്വേഷകര്‍ക്കായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഇടങ്ങളിലൂടെ വരുന്നതാകുമോ.
മുംബെയിലെ പാലത്തിനടിയില്‍ പുറംതിരിഞ്ഞിരിക്കുന്ന സ്ത്രീയും കുഞ്ഞും അവരുടെ ഉപജീവനത്തിരക്കും അംബെദ്കറുടെ കീറിയ പോസ്റ്ററും നമ്മുടെ മുന്നിലേയ്ക്ക് എന്തുകൊണ്ടാണ് വരുന്നത്? ദീനം പടര്‍ന്ന് പഴുപ്പുണങ്ങിപ്പിടിച്ച കണ്ണുകളിലേയ്ക്കും മറയെ സുതാര്യമാക്കുന്ന ചിരിയിലേയ്ക്കും ഒറ്റ ഫ്ലാഷിനെങ്ങനെ പ്രവേശിക്കാനാവുന്നു? നഗരത്തിലൂടെ ഇരമ്പുന്ന ആ മഞ്ഞ, മോട്ടോര്‍ ബൈക്കുകളിലിരിക്കുന്ന ഹെല്‍മെറ്റുകളോട് എന്താണ് പറയുന്നത്? (ലോകത്തിലെ ഏത് ആര്‍ട്ട് ഫോട്ടോഗ്രാഫറും അതെന്ത്, അതെന്ത്? എന്ന് ആരായുക തന്നെ ചയ്യും)
പാല്‍ക്കുപ്പിയില്‍ ഒരിറക്ക് വെള്ളവുമായ് പോയവളോട് വെയിലെന്തു പറഞ്ഞു, അത് രാജസ്ഥാന്‍ തീപ്പന്തമെറിഞ്ഞോ? കല ചിലപ്പോള്‍ സങ്കട ദിവസത്തിലെ ഹോളി തന്നെ. നിങ്ങള്‍ പറഞ്ഞവസാനിപ്പിക്കരുതേയെന്ന്, അനന്തവും അനിശ്ചിതവുമായവയെ തൊട്ടതിന്റെ അടയാളം വോട്ടു ചെയ്തവരുടെ വിരലിലെ മഷിവട്ടം കണക്ക് ക്യാമറ പിടിച്ച ഈ കലാകാരന്റെ വിരലിലും പതിഞ്ഞു കിടക്കുന്നു.
— സര്‍ജു