White Crow Art Daily

സ്വര്‍ഗം നരകമാവുന്ന ഏകാന്തത

സൗദി പോസ്റ്റ് / ശഫീഖ് ഇസുദ്ദീൻ

കല്ല്‌ നിറഞ്ഞ മണ്‍ പാതയിലൂടെ മലയിറങ്ങി , വണ്ടി ഇനിയും പോവില്ല എന്ന് തോന്നിയടത്ത് ഒതുക്കി നിര്‍ത്തി ബാക്കിയുള്ള അല്‍പ ദൂരം നടന്ന് ചെല്ലുമ്പോള്‍ സാജിദ് ബായി പാതവക്കില്‍ ആരോടോ ഫോണില്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു . അന്നൊരു ഈദ് ദിനമായിരുന്നു. ഞങ്ങളെ കണ്ടതും ഫോണ്‍ സംഭാഷണം നിര്‍ത്തി ആഹ്ലാദ പൂര്‍വ്വം ആശ്ലേഷിച്ച് ഈദ് ആശംസകള്‍ നേര്‍ന്ന് അയാളുടെ ഒറ്റമുറി കുടിലിലേക്കാനയിച്ചു. മുന്തിരിയും ഉറുമാമ്പഴവും ചെറുനാരങ്ങയും വിളയുന്ന തോട്ടത്തിലാണ് ആ ചെറു കുടില്‍.

സാജിദ് ഭായിയുടെ തോട്ടത്തില്‍ എത്തുമ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. സായാഹ്ന സൂര്യന്‍ ചുറ്റുമുള്ള മലന്ചെരിവുകളില്‍ തങ്കവെയില്‍ വീഴ്ത്തുന്നു , സാജിദ് ഭായി ഉടന്‍ തന്നെ കുറച്ച് മാതളങ്ങളിറുത്ത് സല്‍ക്കരിച്ച് തുടങ്ങി. കുടിലിന് പുറകിലെ തോട്ടത്തില്‍ പായ വിരിച്ചു.

തൊട്ടടുത്ത തോട്ടത്തിലെ ജോലിക്കാരന്‍ ഖാലിദ് ബായിയെ ഞങ്ങള്‍ വന്ന വിവരം സാജിദ് വിളിച്ചറിയിച്ചപ്പോള്‍ അദ്ദേഹവും കുറച്ച് മുന്തിരികള്‍ പറിച്ചെടുത്ത് അതുമായി വന്നു. വീണ്ടും സല്‍ക്കരിക്കതന്നെയാണ് സാജിദ് ബായ്. ഈദ് ദിനത്തില്‍ അവിചാരിതമായി അഥിതികളെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് രണ്ടു പേരും.

പ്രധാന പാതകളില്‍ നിന്നും  അല്‍പം ഒറ്റപെട്ടു കിടക്കുന്ന കൃഷി തോട്ടത്തിലെ ജോലിക്കാരാണ് സാജിദും ഖാലിദും, രണ്ടും പേരും കാശ്മീരില്‍ നിന്നുമുള്ള യുവാക്കള്‍.  ചെറു നാരങ്ങയും മുന്തിരിയും ഉറുമാമ്പഴവും ഒക്കെയാണ് പ്രധാന വിളകള്‍. മാതളവും മുന്തിരിയും വിളഞ്ഞു പാകമായിരിക്കുന്നു. രണ്ടു ദിവസത്തിനകം വിളവെടുക്കുമെന്നു അവര്‍ പറഞ്ഞു

അസീര്‍ പര്‍വ്വത നിരകളിലെ ജബല്‍ ഇബ്രാഹിം എന്ന പര്‍വത താഴ്വാരത്തിലാണ് ഇവര്‍ ജോലി ചെയ്യുന്ന തോട്ടം. താഴ്വാരത്തില്‍ നിന്ന് തോട്ടം അങ്ങനെ  കുന്നിന്‍ ചെരിവ് കേറി പോകുന്നു. മലകളില്‍ നിന്ന് സന്ധ്യക്കൊപ്പം താഴ്വാരം ഇറങ്ങി വരുന്ന കോട മഞ്ഞ്. അത് മാതള നാരക മരങ്ങളിലേക്ക് പടര്‍ന്നു കയറുന്നു.

ഏദന്‍ തോട്ടം പോലെ ഒരിടം എന്ന് ഞങ്ങള്‍ പരസ്പരം പറയുമ്പോഴാണ്  സാജിദും ഖാലിദും ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന കാശ്മീരില്‍ നിന്നുള്ളവര്‍ ആണല്ലോ എന്നോര്‍ത്തത്. ഈദ് ദിനത്തെ കുറിച്ച് സാജിദ് പറയുമ്പോഴാണ് ഏകാന്തതയും ശാന്തതയും തിരഞ്ഞു നടക്കുന്ന  നഗരവാസികള്‍ക്കെന്നപോലെഅവിടെ നിരന്തരമായി ജീവിക്കുന്നവര്‍ക്ക് ഈയിടം ഒരു ഏദന്‍ അനുഭവം ആയിരിക്കില്ല എന്ന് തിരിച്ചറിയുന്നത്.

ഈദ് പ്രാര്‍ഥനക്കും മറ്റ് മനുഷ്യരെ കാണുന്നതിനും സമീപ ഗ്രാമമായ അല്‍- ഗരിയയില്‍ എത്താന്‍ മൂന്നു നാലു കിലോമീറ്ററുകള്‍ ഈ മല കേറി മുറിച്ചു കടക്കണം. എകാന്തത അസഹ്യമാവുമ്പോള്‍ അവര്‍ ഈ മല മുറിച്ചു കടന്നു മനുഷ്യരെ കണ്ടു വന്നു.

ഖാലിദ് വിവാഹം കഴിഞ്ഞു മധുവിധു ആറും മുന്‍പേ തിരിച്ചു വന്നതാണ്‌. അതിന്റെ വിഷാദം അവന്‍റെ മുഖത്ത് കാണാം. സംസാരിക്കാന്‍ ഇവര്‍ രണ്ടു പേരുമല്ലാതെ എന്നും ആവര്‍ത്തനമാവുന്ന ദിവസങ്ങളെ കുറിച്ച് സാജിദ് പറഞ്ഞു തുടങ്ങി.  മറൊരു സ്വരം കേള്‍ക്കാന്‍ ഫോണ് വിളിക്കാന്‍ പോലും   തോട്ടം വിട്ടു അല്‍പം നടക്കണം. അത്  കൊണ്ടാണ് ഞങ്ങള്‍ വരുമ്പോള്‍ സാജിദ് വഴിയരികില്‍ വന്നിരുന്നത്.

കാശ്മീരിലെ രജൌരി ജില്ലക്കാര്‍ ആണ് രണ്ടു പേരും. ആദ്യം സാജിദ് ആണ് ഈ തോട്ടത്തില്‍ വന്നത്. തന്‍റെ ഒറ്റപെടലില്‍ നിന്ന് ആശ്വാസമായി ആണ് സാജിദ് ഖാലിദിനെയും കൊണ്ട് വന്നത്.

അന്ന് ബലി പെരുന്നാള്‍ ആണ്. ചരിത്ര കാലത്ത് എന്നോ മക്കയുടെ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെട്ടു പോയ അടിമപ്പെണ്ണിന്‍റെയും മകന്‍റെയും ഓര്‍മകള്‍ ഉണര്‍ത്തുന്ന ഈദ്, അടിമ ഹാജറയുടെ വറ്റിയ മുലകളില്‍ നിന്നാണ് ഒരു സംസ്കാരം രൂപം കൊണ്ടത്. അവര്‍ ഏകാന്തതയിലെ ചുടുകാറ്റിനെ വകഞ്ഞു മാറ്റി ഓടി കേറിയ സഫാ മര്‍വ്വ കുന്നുകളില്‍ ലക്ഷ കണക്കിന് ഹാജിമാര്‍ ഓടികേറുന്ന അതെ ഹജ്ജ് ദിനങ്ങളില്‍ ഏകാന്തതയെ മുറിക്കാന്‍ സാജിദും ഖാലിദും ജബല്‍ ഇബ്രാഹിം എന്ന കുന്നിനെ മുറിച്ചു കടക്കുന്നു.

ഒരു സ്വരം കേള്‍ക്കാന്‍ നെറ്റ്വര്‍ക്കിനായി കുന്നുകളില്‍നിന്ന് കുന്നുകളിലേക്ക്‌ ഓടുന്നു. ഹാജറയെയും കുഞ്ഞിനേയും മരുഭൂമിയില്‍ ഉപേക്ഷിച്ചു പോയ അതേ ഇബ്രഹിന്റെ പേരാണ് ഇവര്‍ താണ്ടുന്ന മലക്കുമെന്നത് കേവല യാദൃശ്ചികത.

നിലാവുള്ള രാത്രിയില്‍ തണുപ്പില്‍ കോട പൊതിയുന്ന ഒരു രാത്രിയില്‍ ഇവിടം വന്നു ക്യാമ്പ് ചെയ്യുന്നതിനെ കുറിച്ച് ഞങ്ങള്‍ സംസാരിക്കെ സാജിദ് ഇവിടെ നിന്ന് എങ്ങനെയെങ്കിലും ജോലി മാറി നഗരത്തില്‍ എത്തുവാനുള്ള അവന്‍റെ സ്വപ്നം പങ്കു വെച്ചു

മാതളങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങുന്ന ശൈത്യകാല കുളിരില്‍ ക്യാമ്പ് ഫയറിന് ചുറ്റും ഒരു ചുടുച്ചായ  ഊതിയിരുന്നു  പ്രഭാതം കാണുന്നത് ചര്‍ച്ച ചെയുമ്പോള്‍ എല്ലാ സ്വര്‍ഗങ്ങളെയും നരകമാക്കുന്ന ഏകാന്തതയെ കുറിച്ച് ഖാലിദ് പരിഭവം പറഞ്ഞു കൊണ്ടിരുന്നു.

ചിത്രങ്ങൾ ഷിബുനീലാബ്ര

സ്വദേശം മലപ്പുറത്തിനടുത്ത് പടിഞ്ഞാറ്റുംമുറി. കഴിഞ്ഞ 15 വര്ഷമായി ജിദ്ദയിൽ