White Crow Art Daily

ഹു ഈസ് അഫ്രൈഡ് ഓഫ് ആർട്ട് ക്രിട്ടിസിസം?

ആർടിസ്റ്റിന്റെ ചെലവിൽ ജീവിക്കുന്ന ആളാണ് ആർട്ട് ക്രിട്ടിക് എന്നൊരു അബോധം ചില ആർട്ടിസ്റ്റുകളെങ്കിലും കൊണ്ടുനടക്കുന്നുണ്ട്. അതിനവരെ പിന്താങ്ങുന്ന പൊതു സാംസ്‌കാരികബോധം ‘കലാകൃതിയല്ലേ ആദ്യമുണ്ടാവുന്നത്, എന്നിട്ടല്ലേ നിരൂപണം’ എന്ന മുൻഗണനാ നോട്ടമാണ്.

കലയുണ്ടായിട്ടുവേണ്ടേ അതിന്റെ നിരൂപണമെന്നത് ഏത് വിമർശശാഖയും അഭിമുഖീകരിക്കുന്ന വികലവാദമാണ്. കലാപ്രക്രിയ പോലെതന്നെ അല്ലെങ്കിൽ അതിനു സമാന്തരമായ മറ്റൊരു ഡിസിപ്ലിൻ ആണ് നിരൂപണമെന്നും കലാകൃതി ഇല്ലെങ്കിലും പിടിച്ചുനില്ക്കാനുള്ള കോപ്പ് തല്ക്കാലം അതിന്റെ കൈയ്യിലുണ്ട് എന്നും മനസ്സിലാക്കുമ്പോൾ കാര്യങ്ങൾ മറ്റു വിധത്തിൽ തെളിഞ്ഞുവരും.

കലാരംഗത്തെ ചില പ്രവണതകളെ വിമർശാത്മകമായി നോക്കിക്കണ്ട കുറിപ്പുകൾ പങ്കുവെച്ചപ്പോൾപ്പോലും ചിലർ രഹസ്യമായി ചോദിച്ചത് ‘നിങ്ങളുടെ വർക്കുകൾ കാണിക്കുമോ?’ എന്നാണ്. (അത് നോക്കിയിട്ട് പറയാം, താനാരാണിതൊക്കെ പറയാൻ എന്ന മട്ട്). എം, കൃഷ്ണൻ നായരോടോ എം. എൻ. വിജയനോടോ ‘നിൽക്കൂ, നല്ലൊരു നോവലെഴുതിയിട്ട് മതി വിമർശിക്കാൻ’ എന്നുപറയുന്നതു പോലെയാണത്. മറ്റൊരു വാദം, വിമർശിക്കുന്നവർ അതിനുള്ള ‘പരിഹാരം കൂടി നിരത്തൂ ‘എന്നതാണ്.

അതായത് നിങ്ങൾ ഭക്ഷണം കിട്ടാതെ പെട്ടുപോയ അവസ്ഥയിൽ അയൽക്കാരൻ അരിയുമായി വരുന്നു എന്ന് വിചാരിക്കുക. അരി വാങ്ങിക്കവേ ചോറുകൂടി വെച്ചുതന്നിട്ടു പോയാമതി എന്നുപറയും പോലെയാണ് വിമർശനം പരിഹാരം കൂടി നിർദേശിക്കണമെന്ന യുക്തി. വിമർശനം ദേവപ്രശ്‌നമല്ല. അതിനാൽ തന്നെ പരിഹാരക്രിയകൾ പ്രതീക്ഷിക്കുകയല്ല, മറിച്ച് ഒരു കലാവിമർശത്തെ അതായിത്തന്നെ ആന്തരികവല്ക്കരിക്കാനും അതിലൂടെ സാധ്യമാവുന്ന വിമലീകരണപ്രക്രിയയിൽ പങ്കാളികളാവാനും മാത്രമേ കഴിയുകയുള്ളൂ. കൊള്ളാനും തള്ളാനുമുള്ള തുറസ്സുകൾ ഒരു വിമർശരേഖ വാഗ്ദാനം ചെയ്യുന്നുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ കലാരംഗം കലാവിമർശത്തെ പടിക്കുപുറത്ത് നിർത്താനുള്ള ആഭിചാരക്രിയകൾ നടത്തുന്ന മന്ത്രവാദിപ്പുരകളാണ്.

വിമർശകത്വത്തെ കലാ ലോകം പുറത്തിട്ടടച്ചു-ഹാൽസ് ഫോസ്റ്റ

വിമർശകത്വത്തെ കലാലോകം പുറത്തിട്ടടച്ചു എന്ന് സമകാലിക കലയെ മുൻനിർത്തി ഹാൽസ് ഫോസ്റ്ററിനെ പോലുള്ള ചിന്തകർ പറയുന്നു. ‘പോസ്റ്റ് ക്രിട്ടിക്കൽ’ എന്ന് അദ്ദേഹം വിളിക്കുന്ന ഒരു കലായുഗമാണ് നമ്മുടേത്. കല തന്നെയും സ്വയംവിമർശാത്മക സ്വരൂപമാണ് എന്ന് നമുക്കറിയാം. ക്രിട്ടിക്കൽ ആയിരിക്കുമ്പോഴാണ് ഒരു കലാകൃതി നല്ല കൃതി എന്നു നമുക്ക് തോന്നുന്നത്. അതേസമയം അത്തരമൊരു വിമർശാത്മകത്വം നമ്മൾ പാഠത്തിൽ സ്വീകരിക്കാൻ വിസമ്മതിക്കുന്നു എന്നതാണ് നേര്. നിരൂപണം നിങ്ങൾക്ക് കലയിൽ ഒരു ‘വീക്ഷണനില’ തെരഞ്ഞെടുക്കാനുള്ള സാവകാശം തരുന്നുവെന്ന് വാൾട്ടർ ബെഞ്ചമിൻ അദ്ദേഹത്തിന്റെ ‘വൺവേ സ്ട്രീറ്റ്’ എന്ന പഠനത്തിൽ പറയുന്നുണ്ട്. എഴുത്താൾ തന്നെ ഉല്പാദകർ (author as producer) എന്നും അദ്ദേഹം പറയുന്നു. അവ കൂടുതൽ വിശാലമായ തുറസ്സിലേക്ക് പാഠത്തെ കൊണ്ടുചെന്നെത്തിക്കുന്നു.

കലാവിചാരം ഇന്ന് ഒട്ടൊക്കെ മൂല്യവിചാരത്തെ കൈയ്യൊഴിയുകയും അത് നിർമ്മിക്കപ്പെടുന്ന കലയ്ക്ക് കൈത്താങ്ങാവുകയും ചെയ്യുന്ന പണിയെടുക്കുന്നു എന്ന് നമുക്കറിയാം. കലാവിമർശം കാറ്റലൊഗെഴുത്ത് മാത്രമായി പരിമിതപ്പെട്ട ഇന്ത്യൻ സാഹചര്യവും മുന്നിലുണ്ട്. ആലോചിട്ടുനോക്കിയിട്ടുണ്ടോ? കേരളത്തിൽ കാക്കത്തൊള്ളായിരം കലാക്യാമ്പുകൾ നടക്കുന്നയിടത്ത് എന്നെങ്കിലുമൊരു കലാവിമർശക്യാമ്പ് നടന്നിട്ടുണ്ടോ എന്ന്‌? കലാകൃതിക്ക് കൊടുക്കുന്ന പരിഗണയുടെ പത്തിലൊരംശം കലാനിരൂപണത്തിനു കൊടുത്തിട്ടുണ്ടോ എന്ന്‌? (അഞ്ചുദിവസത്തെ കലാക്യാമ്പിൽ പങ്കെടുക്കാൻ ഒരു ആർട്ടിസ്റ്റിന്‌ അൻപതിനായിരം രൂപവരെ നീക്കിവെക്കുമ്പോൾ ഒരു കലാഗവേഷണപഠനത്തിനോ പ്രഭാഷണത്തിനോ, രണ്ടായിരമോ മൂവായിരമോ ആണ് പണമൂല്യം നിശ്ചയിക്കുക.

ലക്ഷങ്ങൾ ചെലവിടുന്ന ഒരു കലാകൃതി യുൽസവത്തിലും അവയുടെ നിരൂപണം ബിരിയാണിക്ക് വിതറുന്ന മല്ലിയില പോലെയാണ്, അത് വേണ്ടെന്ന് വെച്ചാലും കുഴപ്പമൊന്നുമില്ല). വിമർശകരെ വിദ്വേഷത്തോടെ കാണാൻ ‘പ്രത്യേകപരിശീലനം ലഭിച്ച’ കലാകൃത്തുക്കൾ വരെയുണ്ട് നമ്മുടെ നാട്ടിൽ. അത്തരക്കാരാവട്ടെ, ഞങ്ങൾ തന്നെ തീരുമാനിക്കും എന്റെ വിമർശകരെയും എന്ന മട്ടിൽ സ്വയം അവരോധിക്കപ്പെട്ട കലാകാര-കലാചരിത്രബന്ധം ഉണ്ടാക്കിയെടുത്തിട്ടുമുണ്ടാകും.

കേരളത്തിൽ കാക്കത്തൊള്ളായിരം കലാക്യാമ്പുകൾ നടക്കുന്നയിടത്ത് എന്നെങ്കിലുമൊരു കലാവിമർശക്യാമ്പ് നടന്നിട്ടുണ്ടോ?

അഞ്ചെട്ടുവർഷങ്ങൾക്ക് മുൻപ് ഈ ലേഖകനുണ്ടായ ചെറിയൊരു അനുഭവം പറയാം. ഒരു കലാമാസികയുടെ എഡിറ്റോറിയൽ ചുമതല ഉണ്ടായിരുന്ന എനിക്ക് ഒരു അഭിമുഖം അയച്ചുകിട്ടി. അതയച്ചത്‌ കേരളത്തിലെ പ്രശസ്തനായ ആർട്ടിസ്റ്റും റിട്ടയേഡ് പ്രൊഫസ്സറുമായ ഒരാളായിരുന്നു. അദ്ദേഹം തന്നെ സ്വയം ഇന്റർവ്യൂ ചെയ്ത് അയച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ചേർന്ന് സ്വയം ലോകോത്തരകലാകാരനായി അവതരിപ്പിക്കാൻ ശ്രമിക്കുകായിരുന്നു പ്രസ്തുത ഉരുപ്പടി. രസമെന്താണെന്നുവെച്ചാൽ ആ ആറുപേജ് ടെക്സ്റ്റിൽ കൃത്യം അറുപത്തിനാല് ”ഞാൻ” ഉണ്ടായിരുന്നു എന്നതാണ്. ഇത്രയധികം ഞാനുകളെ ഒറ്റ അഭിമുഖത്തിൽ ഒട്ടിച്ചുചേർക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ പ്രതിഭയോർത്ത് എന്റെ കലാവിമർശം അസ്ഥപ്രഞ്ജനായി. അത്രയ്ക്കുണ്ട് കലാവിമർശത്തെ അരുക്കാക്കിയതിന്റെ അപകടം.

ഒരു കലാധ്യാപകപ്രതിനിധിയിൽനിന്ന് ഇത്രയും ‘ഞാനുകൾ’ വന്നെങ്കിൽ എന്തായിരിക്കണം അങ്ങാടിയിൽ പ്രാഞ്ചിയേട്ടൻ കളിക്കുന്ന ഒരാർട്ടിസ്റ്റിന്റെ ‘ഞാനുകൾ’ എന്നോർത്തുനോക്കുക.

വേറേ ചില പ്രൊഫസർമാരുണ്ട്. അവരുടെ കാൽക്കീഴിലാണ് കേരളത്തിന്റെ കല എന്ന് ധരിച്ചുവശായതിന്റെ ചെറിയ കുഴപ്പം ഒഴിച്ചുനിർത്തിയാൽ പാവത്തുങ്ങളാണ്. അവർ അവിടെയിരുന്ന് ആരൊക്കെ ആർട്ടിസ്റ്റാവണമെന്നും ആരൊക്കെ ആർട്ട് ക്രിട്ടിക്കുകളാവണെമെന്നും ബന്ധപ്പെട്ട മേഖലകൾക്ക് നിർദേശം കൊടുത്തു കൊണ്ടിരിക്കും. ചിലയിടങ്ങളിലൊക്കെ ആ നിർദേശങ്ങൾ പാലിക്കപ്പെടുമെങ്കിലും എല്ലായിടത്തുമങ്ങനെയല്ല എന്നറിയുമ്പോൾ അവർ തിളപ്പിക്കാൻ വെച്ച വെള്ളം ഉടനെയൊന്നും ചൂടായിക്കിട്ടില്ല എന്നുമാത്രം. കലാചരിത്രകാർ എന്ന് എടുത്താൽ പൊങ്ങാത്ത ലേബലുകൾ നെറ്റിയിലൊട്ടിച്ചുനടക്കുന്ന ചില ബഗിഡാപ്പികൾ അത്തരക്കാരുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ഒപ്പംകൂടും, കാരണം അവർക്കും വേണ്ടത് ഈ നാട്ടുമൂപ്പരുടെ കരുണയാണ്. അതിലൂടെ കിട്ടുന്ന ‘സുവർണാവസര’ങ്ങളാണ്. അവരെ തിരിച്ചറിയാനെളുപ്പമാണ്, നാലുവരി സ്വന്തം നിരീക്ഷണങ്ങൾ പറയാനവരുടെ നാവ് കുഴങ്ങും.

പറഞ്ഞുവന്നത് ഇതാണ്. കേരളത്തിൽ കലാവിമർശം വേരുപിടിക്കാത്തതിൽ രണ്ടുകൂട്ടരും ഒരുമിച്ച് മൽസരിച്ചു എന്നതാണ്. ഒരുവശത്ത് സ്വന്തം പ്രതിഭയെ ഊതിവീർപ്പിക്കുന്ന കലാകൃത്ത്, മറുവശത്ത് അതിനെ പിന്താങ്ങാൻ വിധിക്കപ്പെട്ട ചില കലാചരിത്രകാരും. സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്കറിയാം, അവിടവിടെ കലാവിമർശത്തിന്റെ കരുത്തുറ്റ പദഘടനയുണ്ട്. വളരെ വളരെ കുറഞ്ഞ അതിന്റെ വിനിമയശേഷി കലാലോകത്തിന്റെ പൊതുശ്രദ്ധനേടാൻ കഴിയാതെപോയി എന്നുമാത്രം. തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കുന്ന ഒരാളെ തൃപ്തിപ്പെടുത്തുന്ന നിരൂപണശക്തികൊണ്ട് അവ നിങ്ങളെ അതിശയിപ്പിച്ചേക്കാം. പക്ഷേ അവയിലേക്കെത്താൻ കാതടപ്പിക്കുന്ന ‘ഞാനു’കളുടെ ഒച്ചകൾ വകഞ്ഞുമാറ്റി വരേണ്ടതുണ്ട്. ഒരു കലാകൃതി കാണുന്ന അതേ ഹർഷോന്മാദങ്ങളോടെ ഒരു കലാവിമർശവും നിങ്ങളെ പുതിയൊരു തെളിച്ചത്തിലേക്ക് നയിച്ചേക്കാം

അവിടെയെത്താൻ, ഞാനുകളെ അഴിച്ചുവെച്ച് കൂടെയിരിക്കാൻ ഒരല്പം സഹൃദയത്വം ബാക്കിവെച്ചാൽ മതി.പൂ വിരിയുന്നത്
കാണാനുള്ള ക്ഷമയുണ്ടായാൽ മതി.

ചിത്രകാരനും കലാവിമര്‍ശകനും. 1982 ല്‍ കോഴിക്കോട് ജില്ലയില്‍ വടകരയില്‍ ജനനം. 'നഷ്ടദേശങ്ങളുടെ കല'(കലാനിരൂപണം/ ...