White Crow Art Daily

ലംബ കവിതകൾ

കവിത  / റോബർട്ടോ ജ്വറോസ് (അർജന്റീന, 1925-1995)

പരിഭാഷ: പി രാമൻ

1

മണിയിൽ നിറയെക്കാറ്റെന്നാലതു

മുഴങ്ങിടുന്നില്ല.

കിളിയിൽ നിറയെപ്പറത്തമെങ്കിലു-

മനങ്ങിടുന്നില്ല

മേഘാവൃതമാണെന്നാലും ശരി,

വാനമൊരേകാകി

വാക്കിൽ നിറയെശ്ശബ്ദം, പക്ഷേ

പറയുന്നില്ലാരും.

പാതകളില്ലെന്നാകിലുമെല്ലാം

പാഞ്ഞേ പോകുന്നൂ 

 

പാഞ്ഞു പോകുന്നെല്ലാം സ്വന്തം

സാന്നിദ്ധ്യത്തിനു നേരേ

2

ഒരു വിളക്കു കൊളുത്തീ പകൽനടു –

ക്കൊരു വെളിച്ചം വെളിച്ചത്തിൽ നഷ്ടമായ്

 

തകരുകയായ് പ്രകാശ സിദ്ധാന്തവും:

വലിയ വെട്ടമൊഴിഞ്ഞു പിൻ വാങ്ങിടു –

ന്നിവിടെ, തൻ പഴത്തിൽ നിന്നു മാമരം

അകലെയെങ്ങോ കൊഴിഞ്ഞു വീഴുന്ന പോൽ

 

3

ഞാനെഴുതും കയ്യ്, ഞാൻ പറയാത്ത വാക്ക്,

ഇന്നലെ ഞാനുച്ചരിച്ച വാക്കൊക്കെയും

ശല്യപ്പെടുത്തുന്നിതെന്നെ,യീ ലോകവു-

മിന്ന്, ചിന്തിക്കുവാനായി.

 

നാളുകളുണ്ട് ക്രമീകൃതമാം സ്ഥല-

പാളികൾ മാതിരി ,ആകയാലൊക്കെയും

ശല്യപ്പെടുത്തുന്നിതെന്നെ.

 

ഇന്നെന്നെ ശല്യപ്പെടുത്താത്തതായ് ദൈവ-

മൊന്നുമാത്രം, അതെന്തങ്ങനെ? അദ്ദേഹ –

മില്ലായിരിക്കുമോ ഇന്ന്?

4

വാക്കുകളുടെ തുണ്ടുകളോരോ

വസ്തുവിലും വീണു കിടപ്പൂ

പ്രാക്തനമൊരു വിതയുടെ ബാക്കി.

 

ആത്തുണ്ടുകൾ കണ്ടു പിടിക്കാൻ

തിരികെച്ചെല്ലേണം നമ്മൾ

ആദ്യത്തിലെ, യന്ത്യത്തിലെയോ

വിക്കിൽ, ആത്തേങ്ങൽ മൊഴിയിൽ.

പേരുകളുടെ മറവിയിൽ നിന്നു

പഠിക്കേണം വാക്കുകൾ വീണ്ടും

മൂളാൻ, അക്ഷരമില്ലാതെ.

 

ആത്തുണ്ടു പെറുക്കിക്കൂട്ടാൻ

നിൽക്കേണ്ടെന്നപ്പോളറിയാം.

ഓരോ മുഴു വാക്കാണോരോ

വസ്തുവുമെന്നപ്പോളറിയാം.

ഓരോന്നും മറവിയിലാണ്ടൊരു

ഭാഷയിലെ വാക്കുകളല്ലോ.

 

ഒരു വാക്കല്ലൊരു മുഴു പാഠം

ഓരോ വസ്തുവിലും നിങ്ങൾ

കണ്ടെത്താം, തീർത്തുമതിന്റെ

സ്വകാര്യം പോൽ സംരക്ഷിതമായ്.

അതു വായിച്ചുൾക്കൊണ്ടീടാൻ

അതിനാൽ തുനിയേണ്ടതുമില്ല.

5

വാനിന്റെ പശ്ചാത്തലത്തിലൊരു ചില്ല

പോൽ ചിന്തകൾ വരക്കാൻ നമുക്കാവുകിൽ

ആ ച്ചിന്തകൾക്കുമേൽ വിശ്രമിക്കാൻ ചില –

തെത്തിടും ചില്ലമേൽ പക്ഷിയെപ്പോലവേ.

 

സത്തയിൽ തന്നെയടങ്ങും പിശകൊന്നു

കെട്ടി വലിച്ചു നാം കൊണ്ടു പോയീടുന്നു

ഇപ്പൊഴത്തേക്കാളുമുണ്ടായിരിക്കണം

കട്ടിപ്പദാർത്ഥം കുറേക്കൂടി, നമ്മളെ

ച്ചുറ്റിപ്പൊതിഞ്ഞ കനത്ത വലക്കകം.

 

ഈക്കുറവെങ്ങനെ തീർക്കുവാൻ? ആകയാൽ

നാം വരക്കുന്നലയുന്ന ബിംബങ്ങളെ

വാനിന്റെ പശ്ചാത്തലത്തിലെച്ചില്ല പോൽ.

6

ഓരോ വാക്കും ഒരു സംശയം

ഓരോ നിശ്ശബ്ദതയും മറ്റൊരു സംശയം

എന്നിരുന്നാലും.

രണ്ടും കൂടിപ്പിണഞ്

നമ്മെ ശ്വസിക്കാനനുവദിക്കുന്നു.

 

ഉറക്കങ്ങളെല്ലാമൊരു മുങ്ങിത്താഴൽ

ഉണർവുകളെല്ലാം മറ്റൊരു മുങ്ങിത്താഴൽ

എന്നിരുന്നാലും

രണ്ടും കൂടിപ്പിണഞ്ഞ്

നമ്മെ വീണ്ടുമെണീക്കാനനുവദിക്കുന്നു.

 

അപ്രത്യക്ഷമാകലിന്റെ ഒരു രൂപമാണ്

മുഴുവൻ ജീവിതവും.

മുഴുവൻ മരണവും മറ്റൊരു രൂപം.

എന്നിരുന്നാലും

രണ്ടും കൂടിപ്പിണഞ്ഞ് നമ്മെ

ശൂന്യതയിലൊരു മുദ്രയാകാൻ അനുവദിക്കുന്നു.

 

(ഈ കവിയുടെ 15 കവിതാ സമാഹാരങ്ങൾക്കും ഒരേ തലക്കെട്ടാണ് – ലംബ കവിത. അവയിലെ കവിതകൾക്കൊന്നിനും പ്രത്യേകം തലക്കെട്ടുകളില്ല.)

1972-ലല്‍ പട്ടാമ്പിയില്‍ ജനിച്ചു. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവ കവിതാസമാഹാരങ്ങള്‍