White Crow Art Daily

രാഹുൽ ഗോവിന്ദിന്റെ കവിതകൾ

വിത്തുകളുടെ ഉദ്യാനം


ഒരിക്കൽ ഇവിടെ,
ഈ മണ്ണിൽ വിത്തുകളുടെയൊരു ഉദ്യാനമുണ്ടായിരുന്നു.
വിത്തുകളിൽ ഒളിച്ചിരുന്ന ചുരുക്കം ചില ചെടികളിലൊന്നിൽ ഒരു കിളി വന്നിരിക്കും,
വിതുമ്പലിന്റെ വക്കിൽ അതിന്റെ പാട്ടിന് മറുവിളി കിട്ടും.

വൈകുന്നേരമാകും,
നിശ്‌ചലതയുടെ തടാകത്തിലേക്ക് നിശബ്ദതയുടെ ഉരുളൻ കല്ലുകളെറിഞ്ഞ് അവ താഴ്ന്നുപോകുന്നതും നോക്കി അതേ വിത്തിന്നകത്തെ
അതേ ചെടിയിൽ
അതേ കിളികൾ,

അനായാസം ഉരുവപ്പെടുകയും
ഉടഞ്ഞുപോകുകയും ചെയ്യുന്ന പ്രതലത്തിൽ,
ഉലയാതെ കാ(ട്ടി)റ്റിലിടറാതെ,
കനികളാകാതെ വാടിപ്പോയ പൂക്കളുടെ മണം പറ്റിപ്പിടിച്ച ചിറകുകളൊതുക്കി,
ഇരുട്ടിൽ രണ്ടു നിഴലുകൾ,

വേരുകളിൽ നിന്നും വേർപെട്ടുപോയ ആകാശങ്ങൾ,
വെളിച്ചം കൊണ്ടു മാത്രം തുറക്കാവുന്ന വെളുപ്പാൻ കാലങ്ങൾ മയ്ച്ചുകളയുന്ന മഴത്തുള്ളികൾ.

അതിപ്പോ, അങ്ങനൊക്കെ ചോദിച്ചാൽ…

1.  മൂന്നു പന്നികൾ വിജനത, അനിശ്ചിതത്വം എന്നീ തോട്ടങ്ങളിൽ…

കർത്താവിന്റെ വിരുന്നിന് കടിച്ചുപറിക്കപ്പെടും മുമ്പ് മൂന്നു പന്നികൾ വിജനത എന്നു പേരുള്ള തോട്ടത്തിൽ കഴിഞ്ഞുപോന്നു

മഴ ചിലപ്പോൾ ഇലകളാൽ പൊതിഞ്ഞ തോട്ടത്തിൻ മുകൾതട്ടിലെത്തി മുട്ടിവിളിക്കും,
നിമിഷങ്ങൾക്കകം വെളിച്ചവും കൊണ്ട് മലമൊട്ടിയ തൊലിപ്പുറമാകെ അപ്പൂപ്പൻതാടികളായ് പറന്നിറങ്ങും

(ഒന്നിടവിട്ട വൈകുന്നേരങ്ങളിൽ തീറ്റയുമായി എത്തുന്ന ആ ഒരാളുടെ കൈലിമടക്കിലെ ഇറച്ചിക്കത്തിയും ഇടയ്ക്കിടെ അപ്പൂപ്പൻ താടികൾ വീണ് തിളങ്ങാറുണ്ടായിരുന്നു)

അനിശ്ചിതത്വം എന്ന തോട്ടത്തിൽ നിന്നു തങ്ങളെ വിരുന്നിലേക്ക് ക്ഷണിച്ച കർത്താവിനുവേണ്ടി ശിഷ്യൻമാരുടെ വായിൽക്കിടന്നവർ പിന്നീട് സ്തുതി ചൊല്ലി

2. പ്രാർത്ഥന

കന്യാസ്ത്രീയുടെ മടിയിൽ കിടക്കുമ്പോൾ കള്ളന് കുമ്പസാരക്കൂടിന്റെ കിളിവാതിൽ വഴി ഏതോ വിചിത്ര വെളിച്ചം ഒളിച്ചിറങ്ങുന്നപോലെ തോന്നി,
അതയാളുടെ കരുവാളിച്ച കണ്ണുവഴി പുറത്തേക്ക് തെറിക്കുമെന്നും തോന്നി, അതു കഴിഞ്ഞു പിന്നെയും വേറെന്തൊക്കെയോ കൂടി തോന്നി…

അവർ അയാളുടെ ചുരുളൻ മുടിവിടവുകളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു,

അതിയാന് ജീവിതത്തിലാദ്യമായി സമാധാനം എന്ന വാക്കിന്റെ അർഥം പിടികിട്ടി

അവരുടെ പേര് കരുണ എന്നായിരിക്കും എന്നയാൾക്ക് അപ്പോഴേക്കും ഏതാണ്ടുറപ്പായിരുന്നു


വൈകിട്ട് ബസ്റ്റോപ്പിൽ വെച്ചു കണ്ട സ്കൂൾ കുട്ടികളെക്കുറിച്ച്‌ ഓർക്കുകയായിരുന്നു
കന്യാസ്ത്രീ അപ്പോൾ

അതുങ്ങൾ കൊടുങ്കാറ്റുപോലെ വന്നത് ,
മുലയിലുറങ്ങിയ വെയിൽ നോക്കിനിന്നത്, തണലത്തൊതുക്കിയ ബസ്സിൽ ചാടിക്കയറിയത്…

സാവധാനമവർ കള്ളനെ ഓരത്തേക്ക് തള്ളി തിരുവസ്ത്രത്തിന്റെ ഞൊറികളിൽ പറ്റിപ്പിടിച്ച കാരണമില്ലാത്ത പൊട്ടിച്ചിരികൾ കുടഞ്ഞുകളയാൻ തുടങ്ങി

3. മത്തായി സുവിശേഷം

അന്നത്തേക്കൊള്ള മരുന്ന് എങ്ങനെയോ ഒപ്പിച്ച്‌ മത്തായി പെരെടെ പൊറകിലെ മവിൻചോട്ടിൽ പോയി ബീഡി അഴിച്ചു,
കത്തിച്ചു

ഇലേടെ വെടവിലൂടെ ആകാശം കണ്ടു, നിലാവ് വന്നു,
പുകയൂതി…

ചാല് കടന്നൊരു വെട്ടം തെറിച്ചു.

“ചാത്തനാരിക്കും,”

അല്ലല്ല ടോർച്ചാണ്,

വരമ്പിലൂടാണ്,

വേണ്ടപ്പെട്ടവളാണ്…

കഫമിളക്കിയൊന്നൂടെ നീട്ടിവലിച്ചു, ശൂളമിടാൻ നോക്കി

കാറ്റൊടക്കിനിന്നു , തൊണ്ടേലുമിലേലും…

വെട്ടം ചാലും മുറിച്ചെരിഞ്ഞണഞ്ഞെ-
രിഞ്ഞണഞ്ഞു പോയി

മത്തായി നമ്മടെ മത്തായി
അതേനിപ്പ് നിന്നു,
കാലങ്ങളോളം…

4. തന്നന്ന താനന്ന…

തെന്നൽ തെന്നിവീണ
തിണ്ണയിൽ നിന്നു നീ തെറിയോടുതെറി
പറയുമ്പോൾ…

തീരുമോയിതിന്നെങ്ങാനും-
തീരുമോ
എന്നമ്പരന്നൊരു തുപ്പൽ- കോളാമ്പിപ്പോൾ
തലകുത്തി
നിന്നതോർക്കുന്നു,
നീയാവശ്യത്തിന്
തന്നതോർക്കുന്നു…

ആലപ്പുഴയിലെ മാന്നാറിൽ താമസിക്കുന്നു, പ്രൂഫ് റീഡർ ആയി ജോലി, എൻ.എസ്.എസ്. ചങ്ങനാശ്ശേരി , ...