White Crow Art Daily

പര്യവേക്ഷണ ചുഴികൾ : കൊച്ചി ബിനലെയില്‍ നിന്നും ചില കുറിപ്പുകള്‍

 

കൃഷ്ണമണികളുടെ നിറത്തെ ഞാൻ സംശയിക്കേണ്ടിയിരിക്കുന്നു. കറുപ്പോ തവിട്ടോ നിറമല്ല, നീലയും പച്ചയുമല്ല ; ഉന്മേഷമുള്ള മറ്റൊരു പുതുനിറം. കൊച്ചി മുസിരിസ് ബിനാലെ 2014 സന്ദർശിക്കവെ എന്റെ കൃഷ്ണമണികളിലിൽ പടർന്നത്സാർവ്വലൗകികതയെന്ന സമതലത്തിൽ തൊട്ട് പ്രതിഫലിച്ചുവന്ന പ്രകാശ രശ്മികൾ ആയിരുന്നു. അതിന്റെ നിറം വിശദീകരണങ്ങളിലൊതുങ്ങാത്ത അജ്ഞാതമായൊരു അന്വേഷണമാണ്‌. കണ്ട് നീങ്ങവെ ഫോട്ടോഗ്രാഫുകളുടെസഹായമില്ലാതെ തന്നെ വെർച്ച്വൽ ആയി പതിഞ്ഞുപോയ ചില കാഴ്ച്ചകളിലേക്ക്.

ചെറു ശില്പ്പങ്ങളുടെ വലിയ വർത്തമാനങ്ങൾ

അമേരിക്കൻ കവിയായ അരാം സരോയാന്റെ ചുരുക്കെഴുത്ത് കവിതകൾ ഇങ്ങിനെ –  “eyeye”, “lighght”, “ . വാഗ്ബിംബത്തിൽ പിടിച്ചെടുക്കപ്പെട്ട പ്രകാശമാണ്‌  ‘lighght’. വാക്കിൽ ആവർത്തിക്കുന്ന    ‘gh’ എന്ന അക്ഷരങ്ങൾ ആ വാക്കിന്റെഅപവർത്തനം സംഭവിച്ച പ്രതിബിംബമായി മാറുന്നു. ഏറ്റവും ചെറിയ കവിതയെന്ന ഗണത്തിൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച കവിതയാണ്‌  .  ഒരക്ഷരത്തിൽ നിന്ന് മറ്റൊരക്ഷരം അങ്കുരിച്ച് ആരുടെയും ശ്രദ്ധയാകർഷിക്കുന്ന നാല്ക്കാലിജീവിക്ക് ജന്മം കൊടുക്കുന്ന പ്രക്രിയയാണ്‌ ഈ കവിതയുടെ മാന്ത്രികത.    എന്ന അക്ഷരം ഉച്ചരിക്കുമ്പോഴുള്ള ദൈർഖ്യവും ഇരു ചുണ്ടുകളും കൂട്ടിമുട്ടി ഉണ്ടാകുന്ന ശബ്ദത്തിന്റെ മനോഹാരിതയും മമതയും അതിനുണ്ട്.

ഈ എക്സിബിറ്റ് കണ്ടപ്പോൾ ‘I’  എന്ന അക്ഷരത്തിന്റെ ഏകാന്തതയെ കുറിച്ച് ആലോചിച്ചുപോയി. ഒറ്റയ്ക്കൊരു നിപ്പ്. ‘ഞാൻ’ എന്ന അർഥത്തിന്റെ ഒറ്റയാക്കപ്പെടൽ ആകമാനം ആ അക്ഷരത്തിലുണ്ട്. അതോടോപ്പം ‘m’   ചേർന്നുനില്ക്കുമ്പോൾഎന്തൊരു കരുത്താണ്‌ കൈവരുന്നത്.   ‘I am’  എന്നതിന്‌ ഒരു പ്രഖ്യാപനസ്വഭാവവും താൻപോരിമയുമുണ്ട്. അക്ഷരങ്ങളെ ശില്പ്പങ്ങളായും രൂപങ്ങളായും വ്യാഖ്യാനിച്ചാൽ അവ നാം കല്പ്പിക്കുന്നതിലുമേറെ അർഥങ്ങളുള്ളവയെന്ന്ബോധ്യപ്പെടും.  ‘S’ ഒരു നർത്തകിയെപ്പോലെ, ‘M’ ഒരു കൂറ്റൻ മതില്ക്കെട്ട്,  ‘O’ എന്ന വട്ടത്തിൽ അകപ്പെട്ടുപോയ ഭ്രാന്തൻ ഒച്ചകൾ ‘O’  യുടെ ഉൾച്ചുമരുകളിൽ തട്ടി പ്രതിധ്വനിക്കുന്നത് കേൾക്കാം.

പാർപ്പിട പ്രഖ്യാപനങ്ങൾ

സുധീർ പട്‌വർദ്ധന്റെ ‘ബിൽഡിംഗ് എ ഹോം;എക്സ്പ്ളോറിംഗ് ദി വേൾഡ്’ എന്ന ചിത്ര സമുച്ചയം മൂന്ന് പാളികളായാണ്‌ പ്രദർശിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ പാളിയിൽ ആഫ്രിക്കൻ കാടുകളിൽ നിന്ന് ലോകത്തിലെ ആദിമമനുഷ്യൻപുറത്തുവന്നതും ലോകം മൊത്തം പടർന്നുപന്തലിച്ചതുമാണ്‌. നടുവിലത്തെ പാളിയിൽ പീറ്റർ ബ്രൂഗെലിന്റെ ‘ദ ടവർ ഓഫ് ബാബേലും’ , വ്ലാഡിമർ ടാറ്റ്ലിന്റെ ‘മോനുമെന്റ് ടു ദ തേഡ് ഇന്റർനാഷണലും’ ചിത്രീകരിച്ചിരിക്കുന്നു. മൂന്നാം പാളിയിൽവിശദീകരിക്കുന്നത് ഭാവിയിൽ മനുഷ്യൻ നടത്താൻ പോകുന്ന അന്യഗ്രഹ അധിനിവേശങ്ങളും.

സുധീർ പട്‌വർദ്ധന്റെ ഈ കാന്‌വാസ് ഓർമ്മിപ്പിച്ചത് ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ എന്ന സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ്‌. ലോകമാകമാനം ബാധിച്ച കൃഷിനാശവും കാലാവസ്ഥാവ്യതിയാനങ്ങളും ഭൂമിയെ ജീവിതയോഗ്യമല്ലാത്തൊരുദുരിതഗോളമാക്കിത്തീർക്കുകയും അതിന്റെ നാശത്തോടെ മനുഷ്യ സംസ്കാരമൊന്നടങ്കം പിന്‌വാങ്ങേണ്ടിവരുകയും ചെയ്യുന്നൊരവസ്ഥയാണ്‌ ചിത്രത്തിലൂടെ മുന്നിൽ വയ്ക്കുന്നത്. മനുഷ്യവർഗ്ഗത്തെ ആകമാനം നാടുകടത്തി മറ്റൊരു ഗ്രഹത്തിലേക്ക്മാറ്റിപ്പാർപ്പിക്കുകയെന്ന ആശയത്തെ ദൗത്യരൂപത്തിൽ ഏറ്റെടുത്തുനടത്തുന്നു. വേംഹോളിനെ കുറുക്കുപാതയാക്കി സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കയാത്രയിലൂടെ മനുഷ്യനെ ആതിഥ്യപൂർവ്വം സ്വീകരിക്കുന്നൊരു ഉപഗ്രഹത്തെകണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ നടത്തുന്ന പരീക്ഷണ പര്യടനം. ഭൂമി പാർപ്പിടമായി കരുതിപ്പോന്ന കോടാനുകോടി ജീവജാലങ്ങളെ സ്വയം നിർമ്മിച്ചൊരു കറുത്ത തിരശ്ശീലയ്ക്ക് പിന്നിലേക്ക് തള്ളിവിട്ട് ‘ഒരൊറ്റ വർഗ്ഗം, ഒരൊറ്റ വംശമെന്ന’പ്രാർഥന ഉദ്ധരിച്ചുകൊണ്ട് പുതു ആവാസ വ്യവസ്ഥയിലേക്ക് അവൻ യാത്രയാവാൻ തയ്യാറെടുക്കുകയാണ്‌. അതിജീവനാർഥം പ്രവേശനപഥങ്ങൾ കണ്ടെത്തി ഒടുങ്ങാത്ത മുന്നേറ്റങ്ങൾ നടത്തുവാൻ തീരെ മടിയില്ലാത്ത മനുഷ്യൻ ഒരു കാലത്തുംവംശനാശം സംഭവിക്കാൻ സാധ്യതയില്ലാത്തൊരു വംശം തന്നെയാണ്‌.

DSC_9448മുലപ്പാൽ മാത്രം ശീലിച്ച ശിശുവിനെ എത്ര ആസൂത്രിതമായിട്ടാണ്‌ പശുവിൻ പാലിനോട് പൊരുത്തപ്പെടുത്തിയെടുക്കുന്നത് ! അമ്മയുടെ പാൽ വറ്റുമെന്നും കുഞ്ഞിന്‌ മറ്റൊരു ദ്രവ്യരൂപ പോഷണം ആവശ്യമാണെന്നുമുള്ള ബോധമാണ്‌ജന്തുലോകത്ത് നിന്ന് മറ്റൊരു അമ്മയുടെ തികച്ചും വ്യത്യസ്ഥമായ പശുവിൻപാലിലേക്ക് ഗതിമാറ്റിവിടുവിക്കുന്നത്. അതിജീവനത്തിനായി മനുഷ്യർ സമാന്തരവഴികൾ സ്വീകരിക്കുവാൻ തക്കവണ്ണം മാനസിക വഴക്കം ഉള്ളവനാണെന്ന്തെളിയിക്കുവാൻ മറ്റെന്ത് വേണം? ഭൂമി നല്കുന്ന ധാരാളിത്വങ്ങളും ആനുകൂല്യങ്ങളും സൗകര്യപ്പെടുത്തിത്തരുന്ന ഏതൊരിടത്തും അവൻ സന്തുഷ്ടനാണ്‌. അത് മറ്റൊരു ഉപഗ്രഹമോ, ഗാലക്സിയോ, ഉല്ക്കയോ എന്തുമാകട്ടെ………

അടുക്കള സമരങ്ങൾ

പ്രാജക്താ പോട്ട്നിസിന്റെ കിച്ചൻ ഡിബേറ്റ് 1959 -ൽ മോസ്കോയിൽ നടന്ന അമേരിക്കൻ ദേശീയ പ്രദർശനത്തിനുവേണ്ടി നിർമ്മിച്ച ഒരു മാതൃകാ അടുക്കളയിൽ വച്ച് അമേരിക്കയുടെ വൈസ് പ്രസ്ഡന്റ് റിച്ചാർഡ് നിക്സണും സോവിയറ്റ്പ്രമുഖനായ നികീത ക്രുഷ്ചേവും മുതലാളിത്തത്തേയും കമ്മ്യൂനിസത്തേയും കുറിച്ച് നടത്തിയ സംവാദത്തിന്റെ ഓർമ്മയിലാണ്‌ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

അടുക്കള എന്നയിടം  പുതുമയും പഴമയും ഏറ്റുമുട്ടുന്നിടമാണെന്നാണ്‌ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഡാവിഞ്ചി വിശദീകരിച്ചതുപോലെ നന്നായി എണ്ണയിട്ട് അയവോടെ പ്രവർത്തിപ്പിക്കേണ്ടുന്നൊരു യന്ത്രമാവണം അടുക്കളകൾ. മിക്സറുംഗ്രൈന്ററും വാഷിംഗ് മഷീനും, എന്തിന്‌ പറയുന്നു കറിക്കത്തിപോലും ആവർത്തനങ്ങളുടെയും ഉപഭോഗങ്ങളുടെയും ഉത്തമ ഉദാഹരണങ്ങളാണ്‌. അരയ്ക്കലും, അരിയലും, കഴുകലും അവ നിരന്തരം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ചരിത്രത്തിൽചേർക്കപ്പെട്ടതും ചേർക്കപ്പെടേണ്ടതുമായ വിപ്ലവാത്മക സംവാദങ്ങൾ പലതും നടന്നത് അടുക്കളകളിൽ തന്നെയാണ്‌. അടുക്കളയുടെ സ്വേച്ഛാധികാരിയായി ‘അവളെ’ പ്രതിഷ്ഠിച്ച് വാഴിച്ച് തുടങ്ങിയ അലിഖിത കാലം മുതല്ക്ക് നിരന്തരമായിസ്ഫോടനാത്മക പരിവർത്തനങ്ങൾ ഉടലെടുക്കുന്നത് അവിടെന്ന് തന്നെയാണ്‌. അധികം വെളിപ്പെടാത്തൊരൂർജ്ജം സ്ത്രീയെന്ന രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന ഇടമായതുകൊണ്ടാവണം അടുക്കള ഇങ്ങിനൊരിടമായത്.

ഇവിടെയുള്ള ഒരു വീഡിയോയിലൂടെ ചിത്രീകരിചിരിക്കുന്ന റെഫ്രിജെറേറ്ററിൽ അമിതവലിപ്പമുള്ള ജനിതക പരിവർത്തനം നടത്തിയെന്ന് തോന്നിപ്പിക്കുന്ന ഒരു കോളീഫ്ലവർ ആണവയുദ്ധത്തിന്റെ അടയാളമായ ‘മഷ്രൂം ക്ലൗഡ്’നെഓർമ്മിപ്പിക്കുന്നു എന്നാണ്‌ കലാകാരൻ വിശേഷിപ്പിച്ചിരിക്കുന്നത്. ആണവസ്ഫോട്നങ്ങൾ നടന്ന പ്രദേശങ്ങളിൽ നിന്ന് പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിലേക്ക് ഒരു മഷ്രൂം രൂപത്തിൽ ഉയർന്നുപൊങ്ങും. ജനിതകമാറ്റം വരുത്തിയകോളീഫ്ലവർ ഒരു മഷ്രൂം ക്ലൗഡ് പോലെ അതീവനാശം വിതയ്ക്കുന്ന ഒന്നെന്ന് പ്രതീകാത്മകമായി വിവരിച്ചിരിക്കുന്നു. ജനിതകമാറ്റം വരുത്തിയ മനുഷ്യർ മാത്രം നിറഞ്ഞൊരു തലമുറയെക്കുറിച്ചാണ്‌ ഞാനോർത്തത്. അന്ന് മനുഷ്യ വർഗ്ഗത്തെപേറ്റന്റ് ചെയ്യുന്ന ആ ‘ഗ്രൂപ്പ്’; അതെന്താവും?!! മനുഷ്യ പേറ്റൻസിക്കായി ഒരു പേറ്റന്റ് യുദ്ധം തന്നെ നടന്നെന്നുവരാം.

DSC_9449

തലതിരിഞ്ഞ ചിന്തകൾ

വത്സൻ കൂർമ്മ കൊല്ലേരിയുടെ ‘ഹൗ ഗോസ് ദി എനിമി’ എന്ന കലാസൃഷ്ടി ഒരു അട്ടിമറിക്കൽ സ്വഭാവമുള്ളതാണ്‌, പ്രകൃതി മനുഷ്യനെ അട്ടിമറിക്കുന്ന അവസ്ഥ. മനുഷ്യൻ ഒരിക്കൽ കയ്യടക്കിവച്ചിരുന്നതും എന്നാലിപ്പോൾഉപയോഗശൂന്യവുമായ ഇടത്തെ തിരികെ പ്രകൃതിയിലേക്ക് കലാ ഊർജ്ജം നിറച്ച് പരിവർത്തനം ചെയ്തിരിക്കുന്നു. ഇവിടത്തെ ആവാസവ്യവസ്ഥയെ ഒരു രീതിയിലും ബാധിക്കാതെയാണ്‌ ഈ ഇടത്തെ ഒരു കലാഭൂമികയായി മാറ്റിയിരിക്കുന്നത്.

ഇവിടെ എനിമി ആയി വിശേഷിപ്പിച്ചിരിക്കുന്നത് സമയത്തെയാണ്‌. സമയത്തിൽ വിശ്വസിക്കുന്നത് വലിയൊരു അബദ്ധമല്ലേ? സമയത്തിൽ അധിഷ്ടിതമല്ലാതെ സംഭവിക്കുന്ന സ്വാഭാവികതകളാണ്‌ ചുറ്റും കാണുന്നതിൽ ഭൂരിപക്ഷവും.കബ്രാൽ യാർഡിലേക്ക് പ്രവേശിക്കുന്നിടത്ത് കാലുകൾ ആകാശത്തേക്കുയർത്തി തലകീഴായി നിർമ്മിച്ചൊരു ശില്പമുണ്ട്. കൂട്ടിലടക്കപ്പെട്ട സ്ട്രീംലൈന്‌ട് ചിന്താഗതികളോടുള്ള എതിർപ്പ് കൂടിയാണ്‌ ഈ തലകീഴായുള്ള ശില്പം സൂചിപ്പിക്കുന്നത്.കൊച്ചിയുടെ മഴയും ഈർപ്പവും വായുവും, ചെങ്കല്ലും ചളിയും കൊണ്ട് നിർമ്മിച്ച ഈ ശില്പ്പ പരിസരത്തെ കൂടുതൽ സുന്ദരമാക്കും എന്നാണ്‌ അദ്ദേഹം വിശ്വസിക്കുന്നത്. ബിനാലെയുടെ ഈ 3 മാസ കാലയളവിൽ മിനുസപ്പെടുകയുംഅടർന്നുവീഴുകയും ചെയ്യപ്പെടാവുന്ന കബ്രാൽ യാർഡ് കലാപരിസരത്ത് സംഭവിക്കാവുന്ന മാറ്റങ്ങൾ സമയവുമായി മാത്രം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നല്ല. സമയം ഒരു മാനദണ്ഡമാകാനും സാധ്യതയില്ല. ആല്ബർട്ട് ഐൻസ്റ്റൈന്റെ സ്ഥല – സമയസിദ്ധാന്തം ‘simultaneity’ യെ വളരെ ആപേക്ഷിമായ ഒന്നായി ആണ്‌ കാണുന്നത്. Simultaneity ജീവിതത്തിന്റെ ഒരു സ്വാഭാവികതായായി നാം അംഗീകരിച്ചുകഴിഞ്ഞെങ്കിലും 2 വ്യത്യസ്ഥ സ്ഥലങ്ങളിൽ ഉണ്ടാകുന്ന 2 സംഭവങ്ങളുടെsimultaneity എത്രമാത്രം എന്ന് തീരുമാനിക്കാൻ സാധിക്കില്ല. അപ്പോഴാണ്‌ ‘now’ എന്നും ‘present’ എന്നുമുള്ള വാക്കുകളുടെ നിർവചനങ്ങൾ അപൂർണ്ണമെന്ന് തോന്നിപ്പോകുന്നത്.

????????????????????????????????????

ആർട്ട് എന്നത് അതിന്റെ പ്രാപഞ്ചികമായ രീതിയിൽ വേലിക്കെട്ടുകളെ തകർത്തുകൊണ്ട് ആവിഷ്കരിക്കപ്പെട്ടിരിക്കുകയാണ്‌. വാഹനങ്ങൾ തിങ്ങി സഞ്ചരിക്കുന്നൊരുഇടുങ്ങിയ റോഡിന്‌ പൊടുന്നനെ വീതി കൂട്ടിയെന്ന് കരുതുക. അപ്രതീക്ഷിതമായി അനുവദിച്ചുകിട്ടിയ ’സ്ഥലം‘ എന്ന സ്വാതന്ത്ര്യത്തിലൂടെ വാഹനങ്ങൾ തടസ്സങ്ങളില്ലാതെ മുക്തമാക്കപ്പെട്ട ഒരവസ്ഥ ആസ്വദിക്കുന്നു.അതുപോലെ ബിനാലെയിലൂടെ സംസാരിക്കുന്ന കൊച്ചിയിലെ ചുമരുകളും നിരത്തുകളും ബിനാലെയ്ക്ക് മുൻപും സംസാരിച്ചിരുന്നതാണ്‌; പക്ഷെ ഇത്ര ഒച്ചത്തിൽ അല്ലെന്ന് മാത്രം. നിരത്തുകളിലൂടെ വെറുതെനടക്കുമ്പോൾ ഇത് ബിനാലെ എക്സിബിറ്റ് ആണോ അല്ലയോ എന്നുള്ള സംശയത്തിൽ പലതും നോക്കിക്കാണാൻ തുടങ്ങിയെങ്കിൽ നിങ്ങൾ ‘ബിനാലെ കണ്ടവൻ’ എന്ന് തീർച്ചപ്പെടുത്താം. ഇത് ആർട്ട് ആണോ എന്ന്സംശയിക്കുന്ന പലതും ബിനാലെയിൽ ഉൾപ്പെട്ട പ്രദർശനവസ്തു ആവണമെന്നില്ല. ഇതൊന്നും ഒന്നുമല്ലെന്ന് കരുതിയിരുന്ന പലതിനും അർത്ഥങ്ങളുണ്ടെന്ന് തിരിച്ചറിയുന്നുവെങ്കിൽ കൊച്ചി മുസിരിസ് ബിനാലെനിങ്ങളിൽ പ്രവർത്തിച്ചിരിക്കുന്നു എന്നുവേണം കരുതുവാൻ. പൊട്ടിപ്പൊളിഞ്ഞ ചുമരിലും തൂങ്ങിയാടുന്ന ജനല്പാളികളിലും ചിതലരിച്ച വാതിലുകളിലും തുരുമ്പിച്ചുതുടങ്ങിയൊരു സൈക്കിളിലും ചത്ത മരങ്ങളിലുംവെറുതേ കൂടിക്കിടക്കുന്ന കരിയിലകളിലും കൗശലകരമായൊരു അപൂർവ്വത ഒളിഞ്ഞിരിപ്പുണ്ട്. ഒക്കെ സൃഷ്ടിക്കപ്പെട്ടതല്ലേ, നീയും ഞാനും ഉൾപ്പടെ ഈ കാണുന്നതൊക്കെയും. അന്തരീക്ഷത്തിലും ഇരുട്ടിലുംശൂന്യതയിലും നിന്ന് കേവലം ശിശുസഹജമായ ഭാവന കൊണ്ടുതന്നെ സൃഷ്ടിക്കപ്പെടാവുന്ന ഒന്നല്ലേ ഈ ‘കല’ എന്നൊക്കെ പറയുന്നത്?

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പ്ളാന്റ് പത്തോളജി വിഭാഗത്തിൽ ബിരുദാനന്തര ...